രേണുക വേണു|
Last Modified ഞായര്‍, 14 നവംബര്‍ 2021 (12:11 IST)
പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് 2010 ന് മുന്‍പ് മരിച്ചു കാണുമെന്ന് മുന്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബ്. 'കുറുപ്പ്' സിനിമയുമായി ബന്ധപ്പെട്ട് മാതൃഭൂമി ന്യൂസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുകുമാരക്കുറുപ്പിന് ഗുരുതരമായ രണ്ട് മൂന്ന് അസുഖങ്ങള്‍ ഉണ്ടായിരുന്നെന്നും നേപ്പാളില്‍ വച്ച് അദ്ദേഹം മരിച്ചുപോയിട്ടുണ്ടാകാമെന്നും അലക്സാണ്ടര്‍ ജേക്കബ് പറഞ്ഞു. കേസ് ഡയറി പഠിച്ചതിന്റെയും കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരോട് നേരിട്ടു സംസാരിച്ചതിന്റെയും വെളിച്ചത്തിലാണ് താന്‍ ഇത് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
'സുകുമാരക്കുറുപ്പിന് ഗുരുതരമായ രണ്ട് മൂന്ന് രോഗങ്ങള്‍ ഉണ്ടായിരുന്നു. ആ രോഗങ്ങള്‍ ഉള്ള മനുഷ്യന്‍ ഒരു 20 കൊല്ലത്തിനു മുകളില്‍ ജീവിച്ചിരിക്കാന്‍ സാധ്യതയില്ല. കേസ് അന്വേഷിച്ച ടീമുമായി സംസാരിച്ച അറിവിന്റെ അടിസ്ഥാനത്തില്‍ പറയുകയാണെങ്കില്‍ അദ്ദേഹം ജീവിച്ചിരിക്കാന്‍ സാധ്യത കുറവാണ്. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരുമായി നേരിട്ടു ഞാന്‍ സംസാരിച്ചിരുന്നു. കൃത്യമായി നമുക്ക് ഒരു ഊഹം എടുക്കാന്‍ പറ്റുന്നത് ഈ മനുഷ്യന് വളരെ ഗുരുതരമായ രോഗമുണ്ടായി ഭോപ്പാലിലെ ആശുപത്രിയില്‍ അഡ്മിറ്റായി, അതിനുശേഷം ഈസ്റ്റേണ്‍ യുപിയില്‍ ചെന്ന് അവിടെയൊരു ആശുപത്രിയില്‍ അഡ്മിറ്റായി. പിന്നീട് അദ്ദേഹം നേപ്പാളിലേക്ക് രക്ഷപ്പെട്ടു. പണ്ട് നാനാസാഹിബ് ഒന്നാം സ്വാതന്ത്ര്യ സമരം കഴിഞ്ഞിട്ട് നേപ്പാളിലെ ടെറായി പ്രവിശ്യ എന്നു പറയുന്ന സ്ഥലത്ത് ഒളിച്ചു താമസിച്ചിട്ടുണ്ട്. അവിടെ കുറുപ്പ് ചെന്നു എന്നുള്ളതാണ് അവസാനം കിട്ടുന്ന വിവരം. നൂറ് ശതമാനം ഉറപ്പ് പറയാന്‍ പറ്റില്ല. പക്ഷേ, 99 ശതമാനവും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത് ശ്വാസകോശത്തിലുള്ള രോഗം വര്‍ധിച്ച് കുറുപ്പ് 2010 ന് മുന്‍പ് മരിച്ചിട്ടുണ്ടാകണം എന്നാണ്. നേപ്പാളില്‍ വച്ച് മരിച്ചിട്ടുണ്ടാകണം എന്നാണ് ഭൂരിപക്ഷം അഭിപ്രായം,' അലക്സാണ്ടര്‍ ജേക്കബ് പറഞ്ഞു.