പ്രധാനാധ്യാപകന്റെ ആത്മഹത്യ, ജെയിംസ് മാത്യു എം‌എല്‍‌എയെ അറസ്റ്റ് ചെയ്തു

കണ്ണൂര്‍| vishnu| Last Updated: വെള്ളി, 27 ഫെബ്രുവരി 2015 (15:38 IST)
കണ്ണൂര്‍ തളിപ്പറമ്പിലെ ടാഗോര്‍ വിദ്യാനികേതന്‍ സ്കൂളിലെ പ്രധാനാധ്യാപകന്റെ ആത്മഹത്യാ കേസില്‍ ആരോപണ വിധേയനായ ജെയുഇംസ് മാത്യു എം‌എല്‍‌എ അന്വേഷണ സംഘത്തിനു മുന്നില്‍ കീഴടങ്ങി. താന്‍ അധ്യാപകന്റെ മരണത്തിനു മുമ്പ് അദ്ദേഹവുമായി ഫോണില്‍ സംസാരിച്ചിരുന്നു എന്നും എന്നാല്‍ അത് സ്കൂളിലെ പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ടാണെന്നുമാണ് കീഴടങ്ങാനെത്തിയപ്പോള്‍ അദ്ദേഹം മാധ്യമങ്ങളൊട് പറഞ്ഞത്. തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ പ്രധാനാധ്യാപകന്‍ ശ്രീകണ്ഠപുരം ചുഴലി സ്വദേശി ഇപി. ശശിധരനെ ഡിസംബര്‍ 15നാണു കാസര്‍കോട് ലോഡ്ജില്‍ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

പ്രധാനാധ്യാപകനുമായി ഏഴുമിനിട്ടോളം മാത്രമാണ് സംസാരിച്ചത്, താന്‍ ആറേയും ഭീഷണിപ്പെടുത്തിയിട്ടില്ല. രണ്ടുതവണ പ്രധാനാധ്യാപകന്‍ തന്നെ തിരിച്ചുവിളിച്ചതായും എം‌എല്‍‌എ മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് സ്റ്റേഷനില്‍ സിഐ മൊഴിയെടുത്തു കൊണ്ടിരിക്കുന്നു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കും. എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നു നാലു ദിവസത്തിനകം ഹാജരാവാന്‍ ശ്രീകണ്ഠപുരം പൊലീസ് നോട്ടിസ് നല്‍കിയിരുന്നു.

ആലപ്പുഴയില്‍ സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്തു തിരിച്ചെത്തിയ എംഎല്‍എ ചികില്‍സയ്ക്കും മറ്റുമായി കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നുവെങ്കിലും മൂന്നു ദിവസത്തെ പ്രകൃതി ചികില്‍സയ്ക്കു ശേഷം ഇന്ന് ഉച്ചയോടെ ശ്രീകണ്ഠപുരം സിഐ മുമ്പാകെ ഹാജരായി. സിപിഎം ഏരിയാ കമ്മിറ്റി ഓഫിസില്‍ നിന്നു പ്രാദേശിക നേതാക്കള്‍ക്കൊപ്പമാണു സ്റ്റേഷനിലേക്കു പുറപ്പെട്ടത്. താന്‍ തെറ്റു ചെയ്തിട്ടില്ലെന്നു ജയിംസ്
മാത്യു പാര്‍ട്ടി ഓഫിസില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

സ്കൂളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നു പ്രധാനാധ്യാപകനെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയതായാണു ജയിംസ് മാത്യുവിനെതിരായ ആരോപണം. അതേ സമയം,
തന്നെക്കുറിച്ചു പ്രധാനാധ്യാപകന്‍ സ്കൂളിലെ യോഗത്തില്‍ അടിസ്ഥാനരഹിതമായ പരാമര്‍ശം നടത്തിയതറിഞ്ഞ് അക്കാര്യം ചോദിക്കാനാണു ഫോണില്‍ വിളിച്ചതെന്നാണ് എംഎല്‍എയുടെ വിശദീകരണം.

സഹ അധ്യാപകന്‍ എം.വി. ഷാജി, ജയിംസ് മാത്യു എംഎല്‍എ എന്നിവര്‍ക്കെതിരായ പരാമര്‍ശമുള്ള ആത്മഹത്യാക്കുറിപ്പുകള്‍ ലോഡ്ജ് മുറിയില്‍ നിന്നു പൊലീസ് കണ്ടെടുത്തിരുന്നു. 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ആത്മഹത്യാ പ്രേരണാ കുറ്റമാണ് അധ്യാപകനും എംഎല്‍എയ്ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ അധ്യാപകന്‍ എം.വി. ഷാജി ഒന്നാം പ്രതിയും ജയിംസ് മാത്യു രണ്ടാം പ്രതിയുമാണ്. കഴിഞ്ഞ ദിവസം കീഴടങ്ങിയ ഷാജി റിമാന്‍ഡില്‍ ജയിലിലാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :