മാനന്തവാടി|
VISHNU N L|
Last Modified ബുധന്‍, 25 നവംബര്‍ 2015 (15:32 IST)
തിരഞ്ഞെടുപ്പ് പരാജയത്തിലുണ്ടായ മനോവിഷമം കാരണം കോണ്‍ഗ്രസ് ഓഫീസില്‍ ഡിസിസി ജനറല്‍ സെക്രട്ടറി പി വി ജോണ്‍ ആത്മഹത്യചെയ്ത സംഭവത്തെക്കുറിച്ചുള്ള കെപിസിസി തെളിവെടുപ്പിനിടെ പ്രാദേശിക നേതാക്കള്‍ക്ക് നേരെ മഷിയൊഴിച്ച് പ്രതിഷേധം.
പി വി ജോണിന്റെ ആത്മഹത്യകുറിപ്പില്‍ പേരുള്ള നേതാക്കന്മാര്‍ക്ക് നേരെയാണ് കരിഓയില്‍ ആക്രമണം. കെപിസി.സിയുടെ മൂന്നംഗ സംഘം സിറ്റിംഗ് നടത്തുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. ജോണിന്റെ ആത്മഹത്യാക്കുറിപ്പില്‍ പേരുള്ള നാലുപേരെയും കെപിസിസി. തെളിവെടുപ്പ് വേദിയില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നാവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം തുടങ്ങിയത്.
സംഘര്‍ഷത്തിനിടെ ഡിസിസി. ജനറല്‍ സെക്രട്ടറി സില്‍വി തോമസിന്റെയും ലേഖാ രാജീവന്റെയും ദേഹത്ത് കറുത്ത മഷിയൊഴിക്കുകയായിരുന്നു. ഡിസിസി. പ്രസിഡന്റ് കെഎല്‍ പൌലോസ്, ജന. സെക്രട്ടറി സില്‍വി തോമസ്, കുഴിനിലത്തെ പാര്‍ട്ടിപ്രവര്‍ത്തകരായ വി.കെ ജോസ്, ലേഖാ രാജീവന്‍ എന്നിവരുടെ പേരുകള്‍ ജോണിന്റെ ആത്മഹത്യാകുറിപ്പിലുണ്ടായിരുന്നു.
മൊഴി രേഖപ്പെടുത്തിയില്ലെന്ന് ആരോപിച്ച് ഒരു വിഭാഗം രംഗത്തെത്തിയതോടെയാണ് സംഭവത്തിന് തുടക്കമായത്. ഡിസിസി പ്രസിഡന്റ് കെ.എല്‍ പൗലോസ് വൈകുന്നേരം മൊഴിനല്‍കാന്‍ വരാനിരിക്കെയാണ് സംഭവം. അക്രമണ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹം സംഭവ സ്‌ഥലത്ത് എത്തിയിട്ടുണ്ട്.
മാനന്തവാടി നഗരസഭയില്‍ പുത്തന്‍പുര വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച പി.വി. ജോണ്‍ പരാജയപ്പെട്ടിരുന്നു. രാഷ്ട്രീയ വഞ്ചകരോട് പ്രതികാരം ചെയ്യാനാവാത്തതിനാലാണ് താന്‍
ആത്മഹത്യ ചെയ്യുന്നതെന്ന് ജോണ്‍ തയ്യാറാക്കിയ ആത്മഹത്യക്കുറിപ്പിലുണ്ടായിരുന്നു.