അഭിറാം മനോഹർ|
Last Modified വെള്ളി, 3 ജനുവരി 2020 (15:16 IST)
കേരളത്തിലെ ഈഴവസമൂഹത്തിന്റെ രക്തം കുടിക്കുന്ന ഡ്രാക്കുളയാണ് വെള്ളാപ്പള്ളി കുടുംബമെന്ന് സുഭാഷ് വാസു. വെള്ളാപ്പള്ളി നടേശൻ സി പി എമ്മുമായി ഒത്തുകളിക്കുകയാണെന്നും ഇതിന്റെ ഭാഗമായാണ് ബി ഡി ജെ എസ് അവകാശവാദമുന്നയിക്കാൻ തീരുമാനിച്ച ആലപ്പുഴ, അരൂർ എന്നീ മണ്ഡലങ്ങൾ ബിജെപിക്ക് വിട്ടുനൽകിയതെന്നും സുഭാഷ് വാസു ആരോപിച്ചു.
കേരളത്തിലെ ആറ് മണ്ഡലങ്ങളിൽ എസ് എൻ ഡി പി സർക്കുലർ ഇറക്കി. സി പി എമ്മിനെ സഹായിക്കുന്ന നിലപാടുകളാണ് തുഷാർ അടക്കമുള്ളവർ ചെയ്തതെന്നും ബി ഡി ജെ എസിനെ വിഡ്ഡികളാക്കിയ തുഷാർ പ്രസ്ഥാനത്തെ വഞ്ചിച്ചുവെന്നും സുഭാഷ് വാസു പറഞ്ഞു. 2002ൽ ആദായ നികുതി വകുപ്പ് പരിശോധിക്കുമ്പോൾ ഒരു കോടി 80 ലക്ഷം രൂപയായിരുന്നു തുഷാറിന്റെ സമ്പാദ്യമെന്നും ഇന്നത് 500 കോടി രൂപയായി ഉയർന്നെന്നും സുഭാഷ് ആരോപിച്ചു.
തുഷാർ വെള്ളാപ്പള്ളി എൻ ഡി എയോട് സഹകരിക്കുന്നത് നിയമാനുസൃതമായല്ലാതെ സമ്പാദിച്ച തന്റെ സ്വത്തുക്കൾ നഷ്ടപ്പെടുമോ എന്ന ഭയം ഉള്ളതുകൊണ്ടാണെന്നും പറഞ്ഞ സുഭാഷ് വാസു വെള്ളാപ്പള്ളി നടത്തിയ അഴിമതികളുടെയും കൊലപാതകം അടക്കമുള്ള കുറ്റകൃത്യങ്ങളുടേയും വിവരങ്ങൾ ജനുവരി 16ന് തിരുവനന്തപുരത്ത് ടി പി സെൻകുമാറിനൊപ്പം നടത്തുന്ന പത്രസമ്മേളനത്തിൽ വെളിപ്പെടുത്തുമെന്നും വ്യക്തമാക്കി.