പുതിയ കൊവിഡ് വകഭേദത്തിൽ ആശങ്ക: വിമാനത്താവളങ്ങളിൽ പ്രത്യേക പരിശോധന ഏർപ്പെടുത്തി കേരളം

അഭിറാം മനോഹർ| Last Modified ചൊവ്വ, 31 ഓഗസ്റ്റ് 2021 (20:23 IST)
വ്യാപനശേഷി കൂടിയ പുതിയ കൊവിഡ് വകഭേദത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ വിമാനത്താവളങ്ങളിൽ പ്രത്യേക പരിശോധന നടത്താൻ സംസ്ഥാന സർക്കാർ തീരുമാനം. ദക്ഷിണാഫ്രിക്ക ഉൾപ്പടെ എട്ട് രാജ്യങ്ങളിലാണ് പുതിയ വൈറസ് വകഭേദത്തിന്റെ സാന്നിധ്യം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.

അതിവേഗം പടരാൻ ശേഷിയുള്ള സി.1.2 വൈറസിനെ മേയ്‌ മാസത്തിൽ ദക്ഷിണാഫ്രിക്കയിലാണ് ആദ്യം തിരിച്ചറിഞ്ഞത്. പിന്നീട്
പോർച്ചുഗൽ അടക്കം ഏഴു രാജ്യങ്ങളിൽ കൂടി കണ്ടെത്തി. ഇതുവരെ തിരിച്ചറിഞ്ഞവയിൽ ഏറ്റവുമധികം ജനിതകമാറ്റം സംഭവിച്ച വകഭേദമാണിത്. 2019ൽ വുഹാനിൽ കണ്ടെത്തിയ ആദ്യ വൈറസിൽ നിന്നും ഏറെ വ്യത്യസ്‌തമാണ് പുതിയ വൈറസെന്ന് ഗവേഷകർ പറയുന്നു.

വരും ആഴ്ചകളിൽ ഈ വൈറസിന് കൂടുതൽ മാറ്റങ്ങൾ ഉണ്ടാകാം. അങ്ങനെ വന്നാൽ വാക്സീൻകൊണ്ട് ഒരാൾ ആർജിക്കുന്ന പ്രതിരോധശേഷിയെ പൂർണ്ണമായി മറികടക്കാൻ ഈ വൈറസിന് കഴിഞ്ഞേക്കുമെന്നാണ് ശാസ്‌ത്രലോകം ഭയക്കുന്നത്. അതിനാൽ ഈ വകഭേദത്തെപ്പറ്റി കൂടുതൽ ഗവേഷണങ്ങൾ ആവശ്യമെന്നും ശാസ്ത്രജ്ഞർ പറയുന്നു. ഇതുവരെ ഇന്ത്യയിൽ C.1.2 റിപ്പോർട്ട് ചെയ്തിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :