'ബ്ലൂ ഹില്‍' സമരം! തണ്ണിത്തോട് മേഖലയില്‍ പ്രിയദര്‍ശിനി സര്‍വീസ് തടഞ്ഞു
പത്തനംതിട്ട: തണ്ണിത്തോടില്‍ കെ.എസ്.ആര്‍.ടി.സി. ഇന്ന് പുതുതായി ആരംഭിച്ച സര്‍വീസ് സ്വകാര്യ ബസ് ജീവനക്കാര്‍ തടഞ്ഞു. കുറച്ചു വര്‍ഷങ്ങളായി ഈ മേഖലയില്‍ കെ.എസ്.ആര്‍.ടി.സി. സര്‍വീസ് നടത്തിയിരുന്നില്ല. ഈ റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ക്കായിരുന്നു കുത്തകാവകാശം. 15 മിനിറ്റ് ഇടവേളകളില്‍ ഇവിടെ ബസ് സൗകര്യം ലഭ്യമായിരുന്നു. 'ബ്ലൂ ഹില്‍' എന്ന സ്വകാര്യ ബസിലെ ജീവനക്കാരും ഉടമയും പ്രതിഷേധവുമായി രംഗത്തെത്തി.
ഈ റൂട്ടുകളില്‍ 'പ്രിയദര്‍ശിനി' ബസ് സര്‍വീസ് ആരംഭിച്ചാല്‍ വലിയ വരുമാനനഷ്ടം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വകാര്യ ബസ് ഉടമയും ജീവനക്കാരും പ്രതിഷേധിച്ചത്. ഇന്ന് രാവിലെ എം.പി. ആന്റോ ആന്റണിയാണ് പുതിയ പ്രിയദര്‍ശിനി ബസുകളുടെ ഫ്‌ലാഗ് ഓഫ് നിര്‍വഹിച്ചത്. ഇതിനു പിന്നാലെ സ്വകാര്യ ബസ് ഉടമ തന്റെ ഉടമസ്ഥതയിലുള്ള 16 ബസുകളും കവലയില്‍ കൊണ്ടുവന്ന് നിര്‍ത്തിയിട്ടു. സ്വകാര്യ ബസുകള്‍ക്ക് അഞ്ച് മിനിറ്റ് മുന്‍പേ കെ.എസ്.ആര്‍.ടി.സി. ബസ് എത്തുന്നതിനാല്‍ തങ്ങള്‍ക്ക് വലിയ വരുമാനനഷ്ടം ഉണ്ടാകുന്നതായി ഉടമ പറഞ്ഞു.
പ്രതിഷേധ സൂചകമായി ബ്ലൂ ഹില്‍ ബസുകള്‍ ഇന്ന് സര്‍വീസ് നടത്തിയില്ല. കെ.എസ്.ആര്‍.ടി.സി. സര്‍വീസുകള്‍ ലഭ്യമല്ലാത്ത മേഖലകളില്‍ പുതിയ പ്രിയദര്‍ശിനി ബസുകള്‍ ഓടിക്കില്ലെന്ന് അധികൃതര്‍ നേരത്തെ ഉറപ്പുനല്‍കിയിരുന്നതായി സ്വകാര്യ ബസ് ഉടമകള്‍ പറയുന്നു. എന്നാല്‍ ഇതിന് വിരുദ്ധമായി പുതിയ റൂട്ടുകളില്‍ ഇപ്പോള്‍ സര്‍വീസുകള്‍ ആരംഭിച്ചിരിക്കുകയാണ്. കൂടാതെ, സര്‍വീസ് നടത്തുന്ന ഈ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്ക് പെര്‍മിറ്റോ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റോ ഇല്ലെന്ന ഗുരുതരമായ ആരോപണവും സ്വകാര്യ ബസ് ഉടമകള്‍ ഉന്നയിക്കുന്നുണ്ട്.