കുവൈത്ത്|
jibin|
Last Modified വെള്ളി, 24 ഏപ്രില്‍ 2015 (14:35 IST)
എസ്എസ്എല്‍സി ഫലത്തിലുണ്ടായ പിഴവ് സംസ്ഥാന സര്‍ക്കാരിനെയും വിദ്യാഭ്യാസമന്ത്രി പികെ അബ്ദുറബ്ബിനെയും പ്രതിക്കൂട്ടിലാക്കിയ സാഹചര്യത്തില്‍ വിദ്യാഭ്യാസ വകുപ്പിനെതിരെ ആഞ്ഞടിച്ച് ടിഎന്‍ പ്രതാപന്‍ എംഎല്‍എ. പപ്പടം ചുട്ടെടുക്കുന്ന ലാഘവത്തോടെയാണ് വിദ്യാഭ്യാസ വകുപ്പ് പരീക്ഷാഫലം കൈകാര്യം ചെയ്തത്. വിഷയത്തില്‍ വിദ്യാഭ്യാസ വകുപ്പിന് വീഴ്ച്ച പറ്റി. വകുപ്പ് മന്ത്രി നേരിട്ട് ഇക്കാര്യത്തില്‍ അന്വേഷണം നടത്തി കാര്യങ്ങള്‍ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
എസ്എസ്എല്‍സി പരീക്ഷാഫലം ജനങ്ങളില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചത്. വീഴ്ചകള്‍ വിദ്യാഭ്യാസമന്ത്രി തന്നെ നേരിട്ട് അന്വേഷിച്ച് ജനങ്ങളോട് തുറന്നു പറയണം. കേരളത്തിലെ സെക്കന്‍ഡറി ലെവല്‍ വിദ്യാഭ്യാസം ശാസ്ത്രീയമായി പരിഷ്‌കരിക്കണമെന്നും പ്രതാപന്‍ പറഞ്ഞു. സംസ്ഥാനത്ത് പാര്‍ട്ടി ശരശയ്യയില്‍ അല്ലെന്നും വളര്‍ച്ചയുടെ പടവുകളിലാണെന്നും. ഉമ്മന്‍ചാണ്ടി, സുധീരന്‍, രമേശ് ചെന്നിത്തല ത്രിമൂര്‍ത്തികള്‍ ശരിയായ ദിശയില്‍ തന്നെയാണ് പാര്‍ട്ടിയെ നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം; എസ്എസ്എല്‍സി ഫലത്തിലുണ്ടായ പിഴവിനെ നിസാരവല്‍ക്കരിച്ച് മന്ത്രി പികെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തി.
ഫലത്തിലുണ്ടായ പിഴവ് വലിയ കാര്യമായി കാണേണ്ടതില്ല. നേരത്തെയും ഇത്തരത്തിലുള്ള ധാരാളം പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം ഫലത്തിലുണ്ടായ പിഴവിനെ കുറ്റപ്പെടുത്തി കെ മുരളീധരന്‍ എംഎല്‍എ രംഗത്ത് വന്നു. ജനങ്ങളുമായി നേരിട്ടിട്ട് ഇടപഴകുന്ന വിദ്യാഭ്യാസ വകുപ്പ് കൂടുതല്‍ ജാഗ്രത കാട്ടണം. അല്ലെങ്കില്‍ 1987ലെ പ്രീഡിഗ്രി ബോര്‍ഡ് വിഷയം സംബന്ധിച്ചുണ്ടായ പ്രശ്‌നങ്ങള്‍ പോലെ ഗുരുതരമായ വിഷയങ്ങള്‍ ഇനിയും ഉയര്‍ന്നുവരും. ഫല പ്രഖ്യാപനത്തില്‍ തിടുക്കം കൂടിപ്പോയി. പിഴവ് അന്വേഷിക്കണമെന്നും മുരളീധരന്‍ പറഞ്ഞു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.