തിരുവനന്തപുരം|
jibin|
Last Modified ചൊവ്വ, 4 ഡിസംബര്‍ 2018 (18:30 IST)
ശബരിമല വിഷയത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാന്‍ ലഭിച്ച
സുവര്‍ണാവസരം സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള പാഴാക്കിയെന്ന ആരോപണം ബിജെപിയില്‍ ശക്തമാകുന്നു.
സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗവും ആര്‍ എസ് എസുമാണ് ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ തിരിഞ്ഞത്. ശബരിമല വിഷയത്തില്‍ പ്രതിഷേധം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റിയതും, സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെതിരെ പൊലീസ് നടപടി ശക്തമാക്കി ജയിലിലടച്ചിട്ടും പ്രതികരിക്കാന്‍ പോലും പോലും തയ്യാറാകാത്തതുമാണ് എതിര്‍പ്പിനുള്ള പ്രധാന കാരണം.
ശ്രീധരൻ പിള്ളയെ സംസ്ഥാന പ്രസിഡന്റ് പദവിയിൽ നിന്ന് മാറ്റാതെ രക്ഷയില്ലെന്ന് പാർട്ടിയിലെ ഒരു വിഭാഗം കേന്ദ്ര നേതൃത്വത്തെ അറിച്ചുവെന്നാണ് റിപ്പോര്‍ട്ട്. എതിര്‍പ്പ് ശക്തമായതോടെ പ്രശ്‌നം പരിഹരിക്കാന്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രത്യേക സംഘത്തെ നിയോഗിച്ചതായി സൂചനയുണ്ട്.
രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പ് പൂർത്തിയായാല്‍ അമിത് ഷാ കേരളത്തിലെത്തും. ഈ ഘട്ടത്തില്‍ ശ്രീധരൻ പിള്ള വിഷയം ചര്‍ച്ചയ്‌ക്ക് വരും. പ്രവര്‍ത്തന മികവില്ല, പാര്‍ട്ടിയെ ഒറ്റക്കെട്ടായി കൊണ്ടു പോകാനാകുന്നില്ല, വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്നു, കൂടിയാലോചനകള്‍ നടത്തുന്നില്ല എന്നീ പരാതികളാണ് അദ്ദേഹത്തിനെതിരെ ഒരു വിഭാഗം നേതാക്കള്‍ ഉന്നയിക്കുന്നത്.
ശബരിമല വിഷയത്തില്‍ പൊതു സമൂഹത്തിലുണ്ടായ ചലനം ശ്രീധരന്‍ പിള്ളയ്‌ക്ക് മുതലെടുക്കാന്‍ സാധിച്ചില്ലെന്ന വിലയിരുത്തല്‍ കേന്ദ്ര നേതൃത്വത്തിനുമുണ്ട്. എന്നാല്‍, സംസ്ഥാന അധ്യക്ഷനെ നീക്കിയാല്‍ ലോക്‍സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലും ബിജെപിയിലുണ്ട്. ഈ സാഹചര്യത്തില്‍ ഇരു പക്ഷത്തിനും കേടുപാടുകളില്ലാതെ വിഷയം പരിഹരിക്കാനാകും ദേശീയ നേതൃത്വം ശ്രമിക്കുക.