Rijisha M.|
Last Modified വെള്ളി, 7 ഡിസംബര്‍ 2018 (14:31 IST)
സോളാര്‍ തട്ടിപ്പ് കേസ് രണ്ടാം പ്രതിയായ നടി ശാലു മേനോന്റെ വീടും സ്ഥലവും കോടതി ജപ്തി ചെയ്തു. 2013ല്‍ ഡോക്ടര്‍ ദമ്പതികളെയും പ്രവാസിയെയും കബളിപ്പിച്ച കേസിലാണ് നടപടി. കേസില്‍ സാക്ഷികളെ ഡിസംബര്‍ 17 ന് ഹാജരാക്കാനും കോടതി ഉത്തരവിട്ടു.
കേസില്‍ അന്തിമ വിധി വരുന്നതുവരെയാണ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതിയുടെ ജപ്തി നടപടി. സ്വിസ് സോളാര്‍ ടെക്നോളജീസ് കമ്പനിയുടെ നടത്തിപ്പുകാരന്‍ ബിജു രാധാകൃഷ്ണനാണ് ഒന്നാം പ്രതി. ശാലു മേനോന്റെ അമ്മ കലാദേവിയാണ് മൂന്നാം പ്രതി.
തിരുവനന്തപുരം കിംസ് ആശുപത്രിയിലെ ഡോ മാത്യു തോമസ്, ഭാര്യ അന്ന മാത്യു എന്നിവരില്‍നിന്ന് മുപ്പത് ലക്ഷത്തോളം രൂപയും പ്രവാസിയായ റാസിഖ് അലിയില്‍നിന്ന് ഒരു കോടിയിലധികം രൂപയുമാണ് ഇവർ തട്ടിയത്. വൈദ്യുത ബില്‍ ലാഭിക്കാന്‍ വീടുകളില്‍ സോളാര്‍ പാനലും തമിഴ്നാട്ടില്‍ കാറ്റാടി മില്ലുകളും സ്ഥാപിച്ചു നല്‍കുമെന്ന് കാണിച്ച് പത്രപ്പരസ്യം നല്‍കിയായിരുന്നു സംഘത്തിന്റെ തട്ടിപ്പ്.