തിരുവനന്തപുരം|
jibin|
Last Modified വെള്ളി, 20 ഒക്‌ടോബര്‍ 2017 (14:58 IST)
മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും മറ്റ് നേതാക്കൾക്കും സോളാർ അന്വേഷണ സംഘത്തിനുമെതിരെ സരിത നായർ മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ പരാതി സംസ്ഥാന പൊലീസ് മേധാവി
ലോക്നാഥ് ബെഹ്റ ക്രൈംബ്രാഞ്ചിന് കൈമാറി.
വ്യാഴാഴ്ചയാണ് 17 പേജുള്ള പരാതി ദൂതൻ മുഖേനെ സരിത മുഖ്യമന്ത്രിക്ക് നല്‍കിയത്. തുടര്‍ന്ന് മുഖ്യമന്ത്രി ഡിജിപിക്ക് പരാതി കൈമാറുകയും അദ്ദേഹം ക്രൈംബ്രാഞ്ച് മേധാവി മുഹമ്മദ് യാസിന് പരാതി കൈമാറുകയായിരുന്നു.
അതേസമയം, സരിതയുടെ പരാതിയിൽ തിടുക്കപ്പെട്ട് കേസെടുക്കേണ്ടെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിലപാട്. പരാതിയിലെ
എല്ലാ വശവും പരിശോധിച്ച ശേഷം മാത്രമെ ക്രൈംബ്രാഞ്ചിന്റെ ഭാഗത്ത് നിന്നും തുടർ നടപടികൾ ഉണ്ടാകാൻസാധ്യതയുള്ളുവെന്നാണ് ലഭിക്കുന്ന വിവരം.
സോളാര്‍ കേസ് അന്വേഷിച്ച മുൻ അന്വേഷണസംഘത്തിനെതിരെയും ഉമ്മന്‍ചാണ്ടിക്കുമെതിരെയാണ് സരിത പരാതി നല്‍കിയിരിക്കുന്നത്. മുൻ സർക്കാരിന്റെ ഭാഗമായ ചിലര്‍ പ്രതിപ്പട്ടികയിലുള്ളതിനാൽ കേസ് അട്ടിമറിക്കപ്പെട്ടെന്നും താൻ ഉന്നയിച്ച പരാതികൾ ശരിയായ രീതിയില്‍ അന്വേഷിച്ചില്ലെന്നും തന്നെ പ്രതിയാക്കാൻ ഇപ്പോഴും ശ്രമം നടക്കുന്നുണ്ടെന്നും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.