കൊല്ലം|
VISHNU N L|
Last Updated:
വ്യാഴം, 27 ഓഗസ്റ്റ് 2015 (11:01 IST)
കേരളത്തിലെ പ്രബല സമുദായ ശക്തിയായ എസ്‌എന്‍ഡിപി ധര്‍മ്മജന സേനയെന്ന പുതിയ രാഷ്ട്രീയപ്പാര്‍ട്ടി രൂപികരിക്കാന്‍ തുടങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ബിജെപിയുമായി അടുക്കുന്നു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് കേരള രാഷ്ട്രീയത്തില്‍ മാറ്റങ്ങളുണ്ടാക്കിയേക്കാവുന്ന തീരുമാനമാണ് യോഗ നേതൃത്വത്തിന്റെ മുന്നിലെത്തിയിരിക്കുന്നത്.
നേരിട്ടു രാഷ്ട്രീയ പാർട്ടി രൂപീകരിക്കില്ല എന്നത് എസ്‌എന്‍ഡിപിയുടെ പ്രഖ്യാപിത നിലപാടാണ്.
എന്നാല്‍ സമുദായത്തിലെ മറ്റ് ചിലരെക്കൊണ്ട് പാര്‍ട്ടിയുണ്ടാക്കുക എന്നതാണ് ഇപ്പോള്‍ യോഗ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. മനോരമായാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പിന്നോക്ക സമുദായക്കാരെയും മറ്റ് ന്യൂനപക്ഷ സമുദായത്തിലേയും ചില സംഘടനകളെ കൂടെ കൂട്ടിയാകും പാര്‍ട്ടി ഉണ്ടാക്കുക എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപു പാര്‍ട്ടി പ്രഖ്യാപനമുണ്ടായേക്കും.സെപ്റ്റംബർ ഏഴിനു കൊല്ലത്തു നടക്കുന്ന എസ്എൻഡിപി യോഗം ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തിൽ വിഷയം ചർച്ചയാകും.
മുന്നോക്ക – ന്യൂനപക്ഷ സമുദായങ്ങളിലെ വിഭാഗങ്ങളെയും ചേർത്തു മതനിരപേക്ഷ കാഴ്ചപ്പാടിലൂന്നി രാഷ്ട്രീയ പാർട്ടി വേണമെന്ന നിലപാടിനാണ് യോഗ നേതൃത്വത്തിൽ മുൻകൈ. സെപ്റ്റംബർ ഏഴിനു ഡയറക്ടർ ബോർഡ് യോഗത്തിൽ വിഷയം ചർച്ച ചെയ്യുമെങ്കിലും അന്തിമ തീരുമാനം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റേതായിരിക്കും. ഉചിതമായ തീരുമാനമെടുക്കാൻ വെള്ളാപ്പള്ളിയെ ഡയറക്ടർ ബോർഡ് നേരത്തെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.
സമുദായംഗങ്ങള്‍ ബിജെപിയില്‍ ചേരണമെന്നാണ് ബിജെപി കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇതിനു വഴങ്ങാതെ സ്വന്തം പാര്‍ട്ടി രൂപീകരിച്ച് സഖ്യമുണ്ടാക്കാമെന്നാണ് എസ്‌എന്‍ഡിപി അറിയിച്ചത്. രാഷ്ട്രീയ പാർട്ടി രൂപീകരണം സംബന്ധിച്ചു ബിജെപി നേതൃത്വവുമായുള്ള ചർച്ച അന്തിമഘട്ടത്തിലാണ്. പുതിയ പാർട്ടിക്കു ഭരണഘടന തയാറാക്കാനുള്ള നീക്കവും തുടങ്ങിയിട്ടുണ്ട്. ഇടത് വലത് മുന്നണികളുടെ വോട്ട് ബാങ്കില്‍ വിള്ളല്‍ ഉണ്ടാക്കുക എന്നതാണ് ബിജെപി ലക്ഷ്യമിടുന്നത്.
പാര്‍ട്ടി രൂപീകരണത്തിനുമുന്നോടിയായി സംസ്ഥാനമൊട്ടാകെ നയവിശദീകരണ യാത്ര നടത്താന്‍ യോഗം നീക്കാം തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്ത് ഭൂരിപക്ഷ അവഗണ ശക്തമാണെന്ന് തെളിയിക്കുകയാണ് യാത്രയുടെ ലക്ഷ്യം ഇതിനു ശേഷം പാര്‍ട്ടിയുടെ പ്രഖ്യാപനവുമുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.