തിരുവനന്തപുരം|
jibin|
Last Modified ചൊവ്വ, 24 നവംബര്‍ 2015 (13:46 IST)
എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തുന്ന സമത്വമുന്നേറ്റ യാത്രയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു ശ്രീനാരായണ ധര്‍മവേദി നേതാവ് ബിജു രമേശ് രംഗത്ത്. വര്‍ഗീയ അജണ്ട നടപ്പാക്കാനായി നടത്തുന്ന സമത്വ മുന്നേറ്റ യാത്ര ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ളതാണ്. വെള്ളാപ്പള്ളിയെ നാടുകടത്തുകയാണ് വേണ്ടതെന്നും അല്ലെങ്കില്‍ ജാതി പറഞ്ഞ് കേരളത്തിലെ ക്രൈസ്തവ-മുസ്ലിം-ഹിന്ദു വിഭാഗങ്ങളെ തമ്മിലടിപ്പിക്കുമെന്നും ബിജു രമേശ് പറഞ്ഞു.
വെള്ളാപ്പള്ളി നടേശന്‍ രാഷ്ട്രീയം കളിക്കുന്നതില്‍ തെറ്റില്ല. അത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്. എന്നാല്‍, അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കാമെന്നു പറഞ്ഞ് ആരൊക്കയോ പറ്റിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി പോയിട്ട് എംഎല്‍എ പോലും ആകില്ല. മകനു കേന്ദ്രമന്ത്രി സ്ഥാനം ലഭിക്കുമെന്നും വെള്ളാപ്പള്ളി സ്വപ്നം കാണുന്നുണ്ടെന്നും ബിജു രമേശ് പറഞ്ഞു. അഞ്ച് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വെള്ളാപ്പള്ളി കേരളത്തിലെ ക്രൈസ്തവ-മുസ്ലിം-ഹിന്ദു വിഭാഗങ്ങളെ തമ്മിലടിപ്പിക്കാനാണ്
സമത്വമുന്നേറ്റ യാത്ര നടത്തുന്നത്. സംഘടനയുടെ പേരില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനോട് യോജിക്കാന്‍ കഴിയില്ലെന്നും ധര്‍മവേദി വ്യക്തമാക്കി.
ശ്രീനാരായണ ഗുരുദേവനെ പോലും ജാതിയുടെ പ്രതീകമായി വെള്ളാപ്പള്ളി മാറ്റി. വെള്ളാപ്പള്ളിയുടെ യാത്രയ്ക്ക് ഒപ്പം ശിവഗിരി മഠത്തിലെ ചില സ്വാമിമാര്‍ പോയത് ശരിയായില്ല. വെള്ളാപ്പള്ളി കാണിക്കുന്നത് ഗുരുനിന്ദയാണെന്നും വര്‍ഗീയത വളര്‍ത്താനാണ് സമത്വ മുന്നേറ്റ യാത്രയിലൂടെ ശ്രമിക്കുന്നതെന്നും ധര്‍മവേദി ആരോപിച്ചു. ഒരു വശത്തു കൂടി മദ്യവില്പനയും മറുവശത്തു കൂടി ശ്രീനാരായണ ദര്‍ശനങ്ങളും പറയുന്ന വെള്ളാപ്പള്ളി എസ്എന്‍ ട്രസ്റില്‍ നിന്നും 800 കോടി രൂപയാണ് തട്ടിയെടുത്തതെന്നും ബിജു രമേശ് ആരോപിച്ചു. തിരുവനന്തപുരത്ത് ധര്‍മവേദി നേതാക്കള്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് വെള്ളാപ്പള്ളിക്കെതിരേ അദ്ദേഹം രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.