വീട് നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരവും 4.60 ലക്ഷം രൂപയും: സിൽവർ ലൈൻ പാക്കേ‌ജ്

അഭിറാം മനോഹർ| Last Modified ചൊവ്വ, 4 ജനുവരി 2022 (12:36 IST)
സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു. വാസസ്ഥലം നഷ്ടപ്പെടുന്നവർക്ക് നഷ്ടപരിഹാരത്തിന് പുറമെ 4.60 ലക്ഷം രൂപയും നൽകുന്നതാണ് പുനരധിവാസ പാക്കേജ്. അല്ലെങ്കില്‍ നഷ്ടപരിഹാരവും 1.6 ലക്ഷവും ലൈഫ് മാതൃകയിലുള്ള വീടും നല്‍കും. വിപണി വിലയുടെ ഇരട്ടി തുകയാണ് നഷ്ടപരിഹാരമായി ഭൂവുടമകള്‍ക്ക് നല്‍കുകയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

വാസ‌സ്ഥലം നഷ്ടപ്പെടുകയും ഭൂരഹിതരാകുകയും ചെയ്യുന്ന അതിദരിദ്ര കുടുംബങ്ങള്‍ക്ക് മൂന്ന് ഓപ്ഷനുകളാണ് പാക്കേജിലുള്ളത്. ഒന്ന് നഷ്ടപരിഹാര തുകയ്ക്ക് പുറമെ അഞ്ച് സെന്റ് ഭൂമിയും ലൈഫ് മാതൃകയില്‍ വീടും. രണ്ട്, നഷ്ടപരിഹാര തുകയ്ക്ക് പുറമേ അഞ്ച് സെന്റ് ഭൂമിയും നാല് ലക്ഷം രൂപയും മൂന്നാമത്തേത് നഷ്ടപരിഹാര തുകയ്ക്ക് പുറമേ 10 ലക്ഷം രൂപ എന്നതാണ്

കാലിത്തൊഴുത്തുകൾ പൊളിച്ചു നീക്കുന്നതിന് 25,000 രൂപ മുതൽ 50,000 രൂപവരെ നഷ്ടപരിഹാരം ലഭിക്കും. വാണിജ്യസ്ഥാപനം നഷ്ടപ്പെടുന്ന ഭൂവുടമകള്‍ക്ക് വിപണി വിലയുടെ ഇരട്ടിവരുന്ന നഷ്ടപരിഹാര തുകയ്ക്ക് പുറമേ 50,000 രൂപകൂടി നല്‍കും. വാസസ്ഥലം നഷ്ടമാകുന്ന വാടക താമസക്കാര്‍ക്ക് 30,000 രൂപയും വാടക കെട്ടിടത്തിലെ വാണിജ്യസ്ഥാപനം നഷ്ടമാകുന്നവര്‍ക്ക് 2 ലക്ഷം രൂപയും പാക്കേജിന്റെ ഭാഗമായി നൽകും.

തൊഴില്‍ നഷ്ടപ്പെടുന്ന സ്വയം തൊഴില്‍ക്കാര്‍, ചെറുകിട കച്ചവടക്കാര്‍, കരകൗശല പണിക്കാര്‍ മുതലായവര്‍ക്ക് 50,000 രൂപയും പ്രത്യേക സഹായമായി നല്‍കും.പെട്ടിക്കടക്കാര്‍ക്ക് 25,000 രൂപ മുതല്‍ 50,000 രൂപവരെയും പുറമ്പോക്ക് ഭൂമിയിലെ താമസക്കാര്‍, അല്ലെങ്കില്‍ കച്ചവടം നടത്തുന്നവര്‍ക്ക് ആ ഭൂമിയിലെ കെട്ടിടങ്ങളുടെ വിലക്ക് പുറമേ 5000 രൂപവീതം ആറ് മാസം നല്‍കുന്ന പദ്ധതിയും പാ‌ക്കേജിലുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :