തിരുവനന്തപുരം/കണ്ണൂര്‍|
jibin|
Last Modified തിങ്കള്‍, 19 ഫെബ്രുവരി 2018 (11:18 IST)
മട്ടന്നൂർ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി ശുഹൈബിന്റെ കൊലപാതകം അന്വേഷിക്കാൻ പ്രത്യേക സംഘമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. കണ്ണൂര്‍ റേഞ്ച് ഐജി മഹിപാൽ യാദവിനാണ് അന്വേഷണ ചുമതല.
ശുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മാധ്യമപ്രവര്‍ത്തകരോട് മറുപടി നല്‍കുമ്പോഴാണ് പ്രത്യേക സംഘത്തെ നിയോഗിച്ച കാര്യം ഡിജിപി വ്യക്തമാക്കിയത്. കൊലയ്‌ക്ക് പിന്നില്‍ ഗൂഢാലോചന നടന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണം അന്വേഷണ പരിധിയിലുണ്ടാകും. അന്വേഷണ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായവരിൽ നിന്ന് നിർണായക മൊഴികൾ പൊലീസിന് ലഭിച്ചു.
സിപിഎം പ്രാദേശിക നേതൃത്വത്തിന്‍റെ അറിവോടെയാണ് ശുഹൈബിനെ ആക്രമിച്ചത്. എന്നാൽ കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ല. കാൽ വെട്ടാൻ മാത്രമായിരുന്നു തീരുമാനം. ശുഹൈബ് എഴുന്നേറ്റു നടക്കരുതെന്നായിരുന്നു ലക്ഷ്യം. പിടിയിലാകാനുള്ള രണ്ടു പേർ ഡിവൈഎഫ്ഐയുടെ പ്രാദേശിക നേതാക്കള്‍ ആണെന്നും അറസ്റ്റിലായവർ മൊഴി നൽകി.