തട്ടുകടയിൽ തർക്കം, പിന്നാലെ കാറിൽ തോക്കുമായെത്തി സംഘം, തുരുതുരാ വെടിവെപ്പ്

അഭിറാം മനോഹർ| Last Modified ഞായര്‍, 27 മാര്‍ച്ച് 2022 (09:53 IST)
ഇടുക്കി മൂലമറ്റത്ത് തട്ടുകടയിലെ തർക്കത്തെ തുടർന്നുണ്ടായ വെടിവെയ്പ്പിൽ ഒരാൾ മരിച്ചു.പ്രതി ഫിലിപ്പ് മാര്‍ട്ടിന്‍ (30) ആളുകൾക്ക് നേരെ തുരുതുരാ വെടിവെച്ചുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. മൂലമറ്റത്ത് സര്‍വീസ് നടത്തുന്ന ദേവി എന്ന സ്വകാര്യ ബസിന്റെ കണ്ടക്ടര്‍ കീരിത്തോട് സ്വദേശി സനല്‍ ബാബു (32)വാണ് വെടിയേറ്റു മരിച്ചത്.

ബൈക്കി‌ൽ വരികയായിരുന്ന സനലിന്റേയും സുഹൃത്ത് പ്രദീപിന്റേയും നേർക്ക് ഫിലിപ്പ് വെടിയുതിർക്കുകയായിന്നു. പ്രദീപിനെ അടിയന്തിര ശസ്‌ത്രക്രിയയ്ക്ക് വിധേയനാക്കി. വെള്ളിയാഴ്‌ച രാത്രി മാർട്ടിൻ സ്കൂട്ടറിലെത്തി തട്ടുകടയിലെത്തി ഭക്ഷണം ചോദിച്ചു. എന്നാൽ ഭക്ഷണം തീർന്നതിനാൽ, ഇല്ല എന്ന് കടയുടമ പറയുകയും മാർട്ടിൻ ഉടമയ്ക്കെതിരെ അസഭ്യം പറയുകയുമായിരുന്നു.

ത് കണ്ട് അവിടെ ഉണ്ടായിരുന്നവർ, ഭക്ഷണം ഇല്ല എന്ന് പറഞ്ഞതിൽ തെറി പറയേണ്ടതുണ്ടോ എന്ന് ചോദിച്ചപ്പോൾ കാണിച്ച് തരാം എന്ന് പറഞ്ഞ് മാർട്ടിൻ വീട്ടിൽ പോയി കാറിൽ തോക്കുമായി തിരികെ വരികയായിരുന്നു. തുടർന്ന് റോഡിൽ കാറ് നിർത്തി തോക്കു ചൂണ്ടി എല്ലാവരേയും വെല്ലുവിളിക്കുകയും വെടിവെക്കുകയുമായിരുന്നു.

ഫിലിപ്പിനെ ചോദ്യം ചെയ്തു വരികയാണ്. തോക്ക് എവിടെ നിന്ന് കിട്ടി എന്നുള്ള വിവരങ്ങൾ പോലീസ് ചോദിച്ചറിയുകയാണ്. മോഷ്‌ടിച്ച തോക്കാണ് ഇതെന്നാണ് പ്രതി പോലീസിൽ നൽകിയ മൊഴി.പ്രതി മദ്യ ലഹരിയിലായിരുന്നു എന്ന് നാട്ടുകാർ പറയുന്നുണ്ടെങ്കിലും ഇതിൽ പോലീസിന്റെ സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. സ്വന്തം വീട്ടിൽ നിന്ന് വാഹനം അതിവേഗത്തിൽ ഓടിച്ചു പുറത്തു വരുന്നതിനിടയിൽ ഇയാളുടെ മാതാവിന്റെ കാലിലും കാർ കയറ്റി ഇറങ്ങുകയും ചെയ്തിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :