ലോറിയില്‍ നിന്ന് പുഴയിലെ കുത്തൊഴുക്കിലേക്ക് തെറിച്ചുവീണതാകാം; 12 ദിവസം ആയിട്ടും അര്‍ജുന്‍ എവിടെയെന്ന് അറിയില്ല !

ഇന്നും പുഴയിലിറങ്ങി അടിത്തട്ടില്‍ പരിശോധന നടത്താന്‍ സാധ്യത കുറവാണ്

Shiroor Rescue - Arjun
രേണുക വേണു| Last Modified ശനി, 27 ജൂലൈ 2024 (08:19 IST)
Shiroor Rescue - Arjun

ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ അര്‍ജുന് വേണ്ടി ഗംഗാവലിപ്പുഴയുടെ അടിത്തട്ടിലിറങ്ങി പരിശോധന നടത്തുന്നത് ഇന്നലെയും ഫലം കണ്ടില്ല. അടിയൊഴുക്ക് ശക്തമായതിനാല്‍ ദൗത്യസംഘത്തിനു പുഴയുടെ അടിത്തട്ടിലിറങ്ങാന്‍ ബുദ്ധിമുട്ടുണ്ട്. അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ 12-ാം ദിവസത്തിലേക്ക് എത്തി. അടിയൊഴുക്ക് കുറയാതെ പുഴയുടെ അടിത്തട്ടില്‍ ഇറങ്ങുക ദുഷ്‌കരമാണ്. വൃഷ്ടി പ്രദേശങ്ങളിലെ ശക്തമായ മഴയാണ് അടിയൊഴുക്കിനു കാരണം.

ഇന്നും പുഴയിലിറങ്ങി അടിത്തട്ടില്‍ പരിശോധന നടത്താന്‍ സാധ്യത കുറവാണ്. അടിയൊഴുക്ക് ഇന്നലെ 5.5 നോട്‌സ് ആയിരുന്നു. ഇതൊരു 3.5 ലേക്ക് കുറഞ്ഞാല്‍ മാത്രമേ ദൗത്യസംഘത്തിനു പുഴയുടെ അടിത്തട്ടില്‍ ഇറങ്ങാന്‍ സാധിക്കൂ.

അര്‍ജുന്റെ ലോറിയുടെ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഒഴുക്ക് ശക്തമായതിനാല്‍ ലോറിയുടെ സ്ഥാനം മാറിക്കൊണ്ടിരിക്കുന്നു. ലോറിക്കുള്ളില്‍ മനുഷ്യ സാന്നിധ്യം ഇല്ലെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ നടത്തിയ തെര്‍മല്‍ സ്‌കാനിങ്ങില്‍ മനുഷ്യ സാന്നിധ്യം തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ലോറിക്കുള്ളില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അര്‍ജുന്‍ ശക്തമായ ഒഴുക്കില്‍പ്പെട്ടിരിക്കാം എന്നാണ് സൂചന.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :