തിരുവനന്തപുരം|
Last Modified തിങ്കള്‍, 17 നവംബര്‍ 2014 (16:55 IST)
അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന്റെയും നാഷണല്‍ ഗെയിംസിന്റെയും മുന്നോടിയായി നഗരത്തില്‍ സമഗ്രമായ ഗതാഗതപരിഷ്‌കരണത്തിനുള്ള വിവിധ നടപടികള്‍ക്ക് ജില്ലാ കളക്‌ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ട്രാഫിക് അഡൈ്വസറി കമ്മിറ്റി യോഗം രൂപം നല്‍കി. നഗരത്തില്‍ ഷെയര്‍ ഓട്ടോ/ടാക്‌സി സംവിധാനം ഏര്‍പ്പെടുത്തുന്നതും പ്രധാനറോഡുകളില്‍ നിശ്ചിത സ്ഥലങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്‌ടിക്കുന്നതരത്തിലുള്ള പാര്‍ക്കിംഗ് നിരോധിക്കുന്നതുമടക്കമുള്ള സുപ്രധാനതീരുമാനങ്ങള്‍ യോഗത്തില്‍ കൈക്കൊണ്ടു.
തമ്പാനൂര്‍ റെയില്‍വേസ്റ്റേഷനില്‍ നിന്ന് നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലേക്കാണ് ഹ്രസ്വദൂര ഷെയര്‍ ടാക്‌സി/ഓട്ടോ സംവിധാനം ഏര്‍പ്പെടുത്തുന്നത്. സെക്രട്ടേറിയറ്റ്, പബ്ലിക് ഓഫീസ്, മ്യൂസിയം, തൈക്കാട് ആശുപത്രി, കിഴക്കേകോട്ട, വഴുതക്കാട് തുടങ്ങിയ തിരക്കേറിയ റൂട്ടുകളില്‍ യാത്രാ ക്ലേശം പരിഹരിക്കാന്‍ കുറഞ്ഞ നിരക്കില്‍ തന്നെ സൗകര്യം ഒരുക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
എന്നാല്‍ ഇതുമൂലം കെ.എസ്.ആര്‍.ടി.സിക്ക് നഷ്‌ടമുണ്ടാക്കാതിരിക്കാനും ആളെ കയറ്റുന്നിടത്തും ഇറക്കുന്ന കേന്ദ്രങ്ങളിലും ഗതാഗത തടസമുണ്ടാകാതിരിക്കാനും മുന്‍കരുതല്‍ സ്വീകരിക്കും. ഷെയര്‍ വാഹനങ്ങള്‍ക്ക് ഏകീകൃത നിരക്ക് ഏര്‍പ്പെടുത്താനും മിനിമം ചാര്‍ജ്ജ് ദൂരത്തില്‍ ഓരോ യാത്രക്കാരനില്‍ നിന്നും ടാക്‌സിയില്‍ 25 രൂപ വീതവും ഓട്ടോയില്‍ ഏഴ് രൂപ വീതവും ഇടാക്കുന്നതിനും യോഗത്തില്‍ നിര്‍ദ്ദേശം മുന്നോട്ടു വച്ചിട്ടുണ്ട്. ഷെയര്‍ ടാക്‌സിയില്‍ ഒരു ട്രിപ്പില്‍ നാലു പേരെയും ഓട്ടോറിക്ഷയില്‍ മൂന്നു പേരെയും കയറ്റാണ് ഉദ്ദ്യേശിക്കുന്നത്. ഷെയര്‍ ടാക്‌സികള്‍ കെ.എസ്.ആര്‍.ടി.സിയെ ബാധിക്കാതിരിക്കാന്‍ ചെറിയ ദൂരങ്ങളില്‍ മാത്രമേ ഈ സംവിധാനം അനുവദിക്കുകയുളളൂ.
ചലച്ചിത്രോത്സവത്തിന്റെയും ദേശീയ കായിക മേളയുടെയും മുന്നോടിയായി എം.ജി. റോഡില്‍ പുളിമൂട് മുതല്‍ കിഴക്കേകോട്ട വരെ രാവിലെ 10 മുതല്‍ 12 വരെ റോഡിന് ഇരുവശവും പാര്‍ക്കിംഗ് ഡിസംബര്‍ 1 മുതല്‍ നിരോധിക്കാനും തീരുമാനിച്ചു. തമ്പാനൂരില്‍ റെയില്‍വേസ്റ്റേഷന്‍ മുതല്‍ മോഡല്‍ സ്‌കൂള്‍ ജങ്‌ഷന്‍ വരെയും എം.സി. റോഡില്‍ നാലാഞ്ചിറ മുതല്‍ കേശവദാസപുരം വരെയും രാവിലെ 9 മുതല്‍ 11.30 വരെ റോഡിന് ഇരുവശത്തും പാര്‍ക്കിംഗ് നിരോധമുണ്ട്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.