1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Sexual assault case Director ranjith arrest Hospitalized

ലൈംഗികാതിക്രമക്കേസിലെ അറസ്റ്റിന് പിന്നാലെ സംവിധായകൻ രഞ്ജിത്തിന് ദേഹാസ്വാസ്ഥ്യം, ഹൃദയസംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ

രക്തസമ്മര്‍ദ്ദം സാധാരണനിലയിലാണെന്ന് കണ്ടെത്തിയതോടെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. രഞ്ജിത്തിന് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Director Ranjith
ലൈംഗികാതിക്രമക്കേസില്‍ അറസ്റ്റിലായതിന് പിന്നാലെ ആരോഗ്യം വഷളായ സംവിധായകന്‍ രഞ്ജിത് ആശുപത്രി വിട്ടു. തൊടുപുഴയില്‍ അറസ്റ്റിലായ സംവിധായകനെ എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തി കോടതിയില്‍ ഹാജരാക്കാനായിരുന്നു പോലീസ് നീക്കം. എന്നാല്‍ ആശുപത്രിയിലെത്തിച്ചപ്പോള്‍ രഞ്ജിത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. രക്തസമ്മര്‍ദ്ദം ഉയര്‍ന്നതാണ് കാരണമെന്നാണ് കരുതിയത്. എന്നാല്‍ രക്തസമ്മര്‍ദ്ദം സാധാരണനിലയിലാണെന്ന് കണ്ടെത്തിയതോടെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. രഞ്ജിത്തിന് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
 
ആശുപത്രിയില്‍ നിന്ന് എറണാകുളം വനിതാ പോലീസ് സ്റ്റേഷനിലേക്കാണ് സംവിധായകനെ കൊണ്ടുപോയത്. അറസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കും. ആശുപത്രിയില്‍ നിന്ന് മടങ്ങവെ തനിക്കെതിരെയുള്ളത് വ്യാജപരാതിയാണെന്ന പ്രതികരണമാണ് രഞ്ജിത് നടത്തിയത്. സ്വന്തം സിനിമ സെറ്റില്‍ യുവനടിയോട് മോശമായി പെരുമാറിയെന്നാണ് രഞ്ജിത്തിനെതിരായ പരാതി. പരാതിയില്‍ ചൊവ്വാഴ്ച രാത്രിയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ന്നാണ് കേസെടുത്തിരിക്കുന്നത്. ജനുവരിയില്‍ ഫോര്‍ട്ട് കൊച്ചിയിലെ സിനിമ സെറ്റിലെ കാരവാനില്‍ വെച്ച് രഞ്ജിത് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.
 
 എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് പരാതി ലഭിച്ചത്. കമ്മീഷണറുടെ നിര്‍ദേശപ്രകാരം എറണാകുളം നോര്‍ത്ത് വനിതാ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. 
 
അടുത്ത ലേഖനം
USA - Iran : അതിനും മടിക്കില്ല, കരസേനയെ ഇറക്കുമെന്ന വാർത്തകൾ തള്ളാതെ പെൻ്റഗൺ