കോട്ടയം|
Rijisha M.|
Last Modified ചൊവ്വ, 14 ഓഗസ്റ്റ് 2018 (13:11 IST)
ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ അറസ്‌റ്റ് ചെയ്‌തില്ലെങ്കിൽ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്ന് കന്യാസ്‌ത്രീയുടെ സഹോദരൻ. നീതി ലഭിച്ചില്ലെങ്കിൽ ബിഷപ്പിനെതിരെ നൽകിയ പരാതികൾ മാധ്യമങ്ങൾക്ക് കൈമാറുമെന്നും ഈ കേസിൽ നിന്ന് പിന്മാറില്ലെന്നും സഹോദരൻ വ്യക്തമാക്കി. മാതൃഭൂമി ന്യൂസിനോടാണ് കന്യാസ്‌ത്രീയുടെ സഹോദരൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
കേസിൽ നിന്ന് ഒരു കാരണവശാലും പിൻമാറില്ലെന്നും മറ്റ് കന്യാസ്‌ത്രീകളോട് ആലോചിച്ച ശേഷം കോടതിയിൽ ഹർജി കൊടുക്കാൻ താൽപ്പര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മതിയായ തെളിവുകള്‍ എല്ലാം ലഭിച്ചുവെന്നാണ് പോലീസ് പറഞ്ഞത്. എന്നാല്‍ ജലന്ധറിലെത്തി ബിഷപ്പിനെ ചോദ്യം ചെയ്ത ശേഷം അന്വേഷണസംഘം തിരിച്ചു വരികയാണ് ചെയ്‌തത്. ലാപ്‌ടോപ്പും മൊബൈല്‍ ഫോണും പിടിച്ചെടുക്കാനായിരുന്നെങ്കില്‍ കേരളാ പോലീസിന് അവിടെ പോകേണ്ടതുണ്ടായിരുന്നോ എന്നും കന്യാസ്ത്രീയുടെ സഹോദരന്‍ ചോദിച്ചു.
തിങ്കളാഴ്ച ബിഷപ്പിനെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. എന്നാൽ ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം ബിഷപ്പിനെ ചോദ്യം ചെയ്യാനുള്ള നീക്കം ഉപേക്ഷിച്ച് അന്വേഷണസംഘം ഇന്ന് കേരളത്തിലേക്ക് മടങ്ങും. ബിഷപ്പിന്റെ ഫോണും മറ്റ് ഡിജിറ്റൽ തെളിവുകളും പരിശോധിച്ചതിന് ശേഷം മാത്രമേ അറസ്‌റ്റ് ഉണ്ടാകൂ എന്ന് വ്യക്തമാക്കിയിരുന്നു.