നിയമസഭാ സമ്മേളനം ജൂണ്‍ ഒമ്പത് മുതല്‍

തിരുവനന്തപുരം| Last Modified വെള്ളി, 6 ജൂണ്‍ 2014 (18:26 IST)
പതിമൂന്നാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനം ജൂണ്‍ ഒമ്പത് മുതല്‍ ജൂലൈ 17 വരെ നടക്കുമെന്ന് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍. ആകെ 28 ദിവസമാണ് സഭാസമ്മേളനം. ബഡ്ജറ്റിന്റെ വകുപ്പു തിരിച്ചുള്ള ചര്‍ച്ചയാണ് സമ്മേളനത്തിന്റെ പ്രധാന വിഷയം. ധനാഭ്യര്‍ത്ഥന ചര്‍ച്ചക്കും വോട്ടെടുപ്പിനുമായി 13 ദിവസമാണ് നിശ്ചയിച്ചിട്ടുളളത്. ആദ്യദിവസം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ചട്ടം 130 അനുസരിച്ചുള്ള ചര്‍ച്ച നടക്കും.

ഏഴ് ദിവസം നിയമനിര്‍മ്മാണകാര്യത്തിനും അഞ്ച് ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യത്തിനും ഒരു ദിവസം ഉപധനാഭ്യര്‍ത്ഥനകളുടെ ചര്‍ച്ചക്കും ഒരു ദിവസം ബഡ്ജറ്റിന്റെ ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ചക്കും വേണ്ടി നീക്കിവെച്ചിട്ടുണ്ട്. 11 ഓര്‍ഡിനന്‍സുകള്‍ക്കു പകരമുള്ള ബില്ലുകളാണ് പരിഗണനക്ക് വരാനുള്ളത്. ജൂണ്‍ ഒമ്പതിന് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീംകോടതി വിധിയെ തുടര്‍ന്നുണ്ടായ സ്ഥിതിവിശേഷം സംബന്ധിച്ച് പ്രതിപക്ഷ നേതാവ് പ്രമേയം അവതരിപ്പിക്കുമെന്ന് സ്പീക്കര്‍ വ്യക്തമാക്കി. തുടര്‍ന്ന് ചട്ടം 130 അനുസരിച്ചുള്ള ചര്‍ച്ച നടക്കും.

ജൂണ്‍ 10 ന് 2014 ലെ സര്‍വകലാശാല നിയമങ്ങള്‍ (ഭേദഗതി) ബില്ലിന്റെയും, 2014 ലെ സര്‍വകലാശാല നിയമങ്ങള്‍ (മൂന്നാം ഭേദഗതി) ബില്ലിന്റെയും അവതരണവും സബ്ജക്ട് കമ്മറ്റി റിപ്പോര്‍ട്ട് ചെയ്ത പ്രകാരമുള്ള 2013 ലെ കേരള സഹകരണ സംഘങ്ങള്‍ (മൂന്നാം ഭേദഗതി) ബില്ലും 2013 ലെ സര്‍വകലാശാല നിയമങ്ങള്‍ (രണ്ടാം ഭേദഗതി) ബില്ലും പരിഗണിക്കും. ജൂണ്‍ 12, ജൂലൈ ഒമ്പത്, 14, 15, 17 ദിവസങ്ങളില്‍ പരിഗണിക്കേണ്ട വിഷയങ്ങളെക്കുറിച്ച് ജൂണ്‍ ഒമ്പതിന് കാര്യോപദേശക സമിതി യോഗം ചേരും.

ജൂണ്‍ 16 നാണ് ബഡ്ജറ്റിന്റെ വകുപ്പുതിരിച്ചുള്ള ധനാഭ്യര്‍ത്ഥന ചര്‍ച്ച ആരംഭിക്കുന്നത്. തുടര്‍ന്ന് ജൂണ്‍ 17, 18, 19, 23, 24, 25, 26, 30, ജൂലൈ ഒന്ന്, രണ്ട്, ഏഴ്, എട്ട് തീയതികളില്‍ 2014-15 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബഡ്ജറ്റിലെ ധനാഭ്യര്‍ത്ഥന സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കും. ജൂലൈ 10 ന് 2014 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബഡ്ജറ്റിനെ സംബന്ധിക്കുന്ന ധനവിനിയോഗ ബില്‍ പരിഗണിക്കും. 11 ന് 2014-15 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റിലേക്കുള്ള ഉപധനാഭ്യര്‍ത്ഥനകളുടെ സ്റ്റേറ്റ്‌മെന്റുകള്‍ മേശപ്പുറത്തുവെയ്ക്കും. 16 ന് 2014-15 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റിലേക്കുള്ള ഉപധനാഭ്യര്‍ത്ഥനകളെ സംബന്ധിക്കുന്ന ചര്‍ച്ചയും വോട്ടെടുപ്പും നടക്കും.

17 ന് 2014-15 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റിലേക്കുള്ള ഉപധനാഭ്യര്‍ത്ഥനകളെ സംബന്ധിക്കുന്ന ധനവിനിയോഗ ബില്‍ പരിഗണിക്കുമെന്ന് സ്പീക്കര്‍ പറഞ്ഞു. ജൂണ്‍ 13, 20, 27, ജൂലൈ നാല്, 11 തീയതികളാണ് അനൗദ്യോഗികാംഗങ്ങളുടെ കാര്യത്തിനായി നീക്കിവെച്ചിട്ടുള്ളത്. ഈ വര്‍ഷം കൂടുതല്‍ ദിവസം സഭ സമ്മേളിക്കണമെന്ന നിര്‍ദ്ദേശം ജൂണ്‍ നാലിന് ചേര്‍ന്ന കക്ഷിനേതാക്കന്‍മാരുടെ യോഗം ചര്‍ച്ച ചെയ്തു. എല്ലാ ഭാഗത്തുനിന്നും ഇതിന് അനുകൂലമായ പ്രതികരണമാണ് ഉണ്ടായതെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :