അഭിറാം മനോഹർ|
Last Modified വ്യാഴം, 14 ഓഗസ്റ്റ് 2025 (18:56 IST)
കൊച്ചിയില്‍ സ്‌കൂളില്‍ വൈകിയെത്തിയതിനെ തുടര്‍ന്ന് അഞ്ചാം ക്ലാസുകാരനെ സ്‌കൂളിലെ ഇരുട്ടുമുറിയില്‍ ഒറ്റയ്ക്കാക്കി പൂട്ടിയിട്ടതായി പരാതി. തൃക്കാക്കര കൊച്ചിന്‍ പബ്ലിക് സ്‌കൂളിലാണ് സംഭവം നടന്നത്. 3 മിനിറ്റ് വൈകിയതിനെ തുടര്‍ന്ന് അഞ്ചാം ക്ലാസുകാരനെ ആദ്യം ഗ്രൗണ്ടിലൂടെ 2 റൗണ്ട് ഓടിച്ചെന്നും ഇതിന് ശേഷം ഇരുട്ടുമുറിയില്‍ ഒറ്റയ്ക്കിരുത്തിയെന്നുമാണ് ആരോപണം.
എട്ടരയ്ക്കാണ് സ്‌കൂളില്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്. കുട്ടി 8:33നാണ് സ്‌കൂളിലെത്തിയത്. ഇതിനെ തുടര്‍ന്ന് 2 തവണ ഗ്രൗണ്ടില്‍ ഓടിച്ചശേഷം ഇരുട്ടുമുറിയില്‍ പൂട്ടിയെട്ടെന്നാണ് അഞ്ചാം ക്ലാസുകാരന്‍ പറയുന്നത്. ഇതിന് ശേഷമാണ് സ്‌കൂള്‍ അധികൃതര്‍ രക്ഷിതാക്കളെ വിവരമറിയിച്ചത്.സംഭവം പുറത്തറിഞ്ഞതോടെ കുട്ടിയുടെ രക്ഷിതാക്കളും പൊതുപ്രവര്‍ത്തകരും സ്‌കൂളില്‍ പ്രതിഷേധവുമായെത്തി. സ്‌കൂള്‍ അധികൃതര്‍ ധാര്‍ഷ്ട്യത്തോടെയാണ് പെരുമാറിയതെന്നും കുട്ടിയെ സ്‌കൂളില്‍ പഠിപ്പിക്കാനാവില്ലെന്ന് പറഞ്ഞെന്നും രക്ഷിതാക്കള്‍ പറയുന്നു. തൃക്കാക്കര പോലീസ് സ്ഥലത്തെത്തുകയും പ്രതിഷേധം ശക്തമാക്കുകയും ചെയ്തതോടെ സ്‌കൂള്‍ അധികൃതര്‍ നിലപാട് മയപ്പെടുത്തി. സംഭവത്തില്‍ അനുനയചര്‍ച്ചകള്‍ നടന്നുവരികയാണ്.