രേണുക വേണു|
Last Modified വ്യാഴം, 21 നവംബര്‍ 2024 (11:35 IST)
വിവാദ പ്രസംഗത്തില്‍ സജി ചെറിയാന് ക്ലീന്‍ചിറ്റ് നല്‍കിക്കൊണ്ടുള്ള പൊലീസ് റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളി. തുടരന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പൊലീസ് റിപ്പോര്‍ട്ട് അംഗീകരിച്ച മജിസ്‌ട്രേറ്റ് കോടതി വിധിയും ഹൈക്കോടതി റദ്ദാക്കി. കേസില്‍ പുനരന്വേഷണം വേണമെന്നും ക്രൈം ബ്രാഞ്ച് അന്വേഷിക്കട്ടെയെന്നും ഹൈക്കോടതി ഡിജിപിക്ക് നിര്‍ദേശം നല്‍കി.
പൊലീസിന്റെ അന്വേഷണത്തില്‍ പാളിച്ചയുണ്ടെന്ന് നിരീക്ഷിച്ചാണ് ക്ലീന്‍ചിറ്റ് റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളിയത്. പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങളും ഓഡിയോ ക്ലിപ്പുകളും പൊലീസ് കൃത്യമായി പരിശോധിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കുന്തം, കുടച്ചക്രം എന്നീ വാക്കുകള്‍ ഏതു സാഹചര്യത്തിലാണ് ഉപയോഗിച്ചതെന്ന് പരിശോധിക്കണമെന്ന് കോടതി പറഞ്ഞു.
സിബിഐ അന്വേഷിക്കണമെന്ന ഹര്‍ജിക്കാരനായ അഭിഭാഷകന്‍ ബൈജു എം നോയലിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ക്രൈം ബ്രാഞ്ച് അന്വേഷണം മതിയെന്ന് കോടതി ഉത്തരവിട്ടു. അതേസമയം ഇത് അന്തിമ വിധിയല്ലെന്നും അതിനു മുകളില്‍ കോടതിയുണ്ടെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. നിയമപരമായി മുന്നോട്ടു പോകും. താന്‍ കുറ്റക്കാരനാണെന്നു ഒരു കോടതിയും പറഞ്ഞിട്ടില്ല. മന്ത്രിസ്ഥാനം രാജിവയ്ക്കില്ലെന്നും സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.