സര്‍ക്കാര്‍ നടപടികള്‍ ഫലം കണ്ടു; ശബരിമലയിലെ തിരക്കിനു ഗണ്യമായ കുറവ്

ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ ഇന്നലെ സന്നിധാനം സന്ദര്‍ശിച്ചിരുന്നു

രേണുക വേണു| Last Modified വ്യാഴം, 14 ഡിസം‌ബര്‍ 2023 (08:56 IST)

അഭൂതപൂര്‍വ്വമായ തിരക്കിനെ തുടര്‍ന്ന് സര്‍ക്കാര്‍ നടപ്പിലാക്കിയ നടപടികള്‍ ശബരിമലയില്‍ ഫലം കാണുന്നു. ബുധനാഴ്ച മുതല്‍ ശബരിമലയിലെ തിക്കിനും തിരക്കിനും ഗണ്യമായ കുറവുണ്ട്. വലിയ ബുദ്ധിമുട്ടുകളില്ലാതെ ഭക്തര്‍ക്ക് ദര്‍ശനം നടത്തി പോകാനുള്ള സൗകര്യം സന്നിധാനത്തുണ്ട്.

തമിഴ്‌നാട്, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ള ഭക്തരുടെ ഒഴുക്കും വാരാന്ത്യ അവധിയെ തുടര്‍ന്നു കേരളത്തില്‍ നിന്നുള്ള ഭക്തരുടെ വരവുമാണ് കഴിഞ്ഞ നാല് ദിവസങ്ങളിലെ ശക്തമായ തിരക്കിനു കാരണം. ഇതേ തുടര്‍ന്ന് വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങില്‍ അടക്കം സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതോടെ ശബരിമലയിലെ തിരക്കിലും ഗണ്യമായ കുറവുണ്ടായി.

ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ ഇന്നലെ സന്നിധാനം സന്ദര്‍ശിച്ചിരുന്നു. തിരക്ക് നിയന്ത്രിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രി പൊലീസിനു നിര്‍ദേശം നല്‍കി. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. എരുമേലി, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ തിരക്ക് നന്നായി കുറഞ്ഞു. ഗതാഗത തടസവും കുറഞ്ഞു. പമ്പയില്‍ മാത്രമാണ് ഇപ്പോള്‍ അല്‍പ്പം തിരക്ക് കൂടുതല്‍ ഉള്ളത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :