ശബരിമല തീർഥാടനത്തിനു ദിവസേന കാൽ ലക്ഷം പേർക്ക് അനുമതി
എ കെ ജെ അയ്യര്‍|
Last Modified വ്യാഴം, 7 ഒക്‌ടോബര്‍ 2021 (19:53 IST)
തിരുവനന്തപുരം: ഇത്തവണ നവംബർ പതിനാറിന് തുടക്കമിടുന്ന ശബരിമല തീർത്ഥാടനത്തിന്റെ ആദ്യ ദിവസങ്ങളിൽ കാൽ ലക്ഷം പേരെ അനുവദിക്കാൻ സംസ്ഥാന ദേവസ്വം വകുപ്പ് തീരുമാനിച്ചു. ഇതിനൊപ്പം ഭക്തർക്ക് പമ്പാ സ്നാനത്തിനു അനുമതി നൽകും. കൂടാതെ തീർത്ഥാടകരുമായി എത്തുന്ന വാഹനങ്ങൾ നിലയ്ക്കൽ വരെ പോകാനും അനുമതി നൽകും.
സംസ്ഥാന ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ അറിയിച്ചതാണിക്കാര്യം. ശബരിമല തീർത്ഥാടകർക്ക് വെർച്വൽ ക്യൂ സംവിധാനം തുടരും. അതെ സമയം ബുക്കിംഗ് കൂട്ടും. മുൻ വർഷത്തെ രീതിയിൽ തന്നെ നെയ്യഭിഷേകം തുടരാനും തീരുമാനമായി.
കോവിഡ് പശ്ചാത്തലത്തിൽ ശബരിമല തീർത്ഥാടനം സംബന്ധിച്ച മുന്നൊരുക്കം, പമ്പ എരുമേലി തുടങ്ങിയ സ്ഥലങ്ങളിലെ ആശുപത്രി സൗകര്യം, ആർ.ടി.പി.സി.ആർ പരിശോധന നടത്താനുള്ള സൗകര്യം എന്നിവ സംബന്ധിച്ച് സംസ്ഥാന ആരോഗ്യവകുപ്പും റവന്യൂ വകുപ്പ് സംയുക്തമായി ഒരു കർമ്മ പദ്ധതി തയ്യാറാക്കിയതാണ് മന്ത്രി കൂട്ടിച്ചേർത്തു.