ശബരിമലയെ മുന്നില്‍ നിര്‍ത്തി കേരളത്തില്‍ താമര വളര്‍ത്താന്‍ ബിജെപി

തിരുവനന്തപുരം| VISHNU.NL| Last Modified വെള്ളി, 7 നവം‌ബര്‍ 2014 (19:35 IST)
ശബരിമലയെ കേന്ദ്രീകരിച്ച് കേരളത്തിന്റെ സമഗ്ര വികസന മാതൃകയുമായി ബിജെപി കേരളത്തില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ തയ്യാറെടുക്കുന്നു. തങ്ങള്‍ക്ക് സ്വാധീനമില്ലാത്ത സ്ഥലങ്ങളില്‍ കേന്ദ്രത്തിലെ അധികാരമുപയോഗിച്ച് വളര്‍ച്ച നേടാനുള്ള ബിജെപി ദേശീയ നേതൃത്വത്തിന്റെ പദ്ധതികള്‍ പ്രകാരമാണ് കേരളത്തിലെ പാര്‍ട്ടീ ഘടകം വികസന മാതൃകകള്‍ തയ്യാറാക്കുന്നത്.

അടുത്തു തന്നെ പ്രധാന മന്ത്രി നരേന്ദ്ര മോഡി ദര്‍ശനം നടത്താനെത്തുന്നത് ഈ ലക്ഷ്യത്തിന്റെ ഭാഗമായാണ്. പ്രധാനമന്ത്രിയുടെ ശബരിമല സന്ദര്‍ശനവേളയില്‍ ദേശീയ തീര്‍ത്ഥാടന കേന്ദ്ര പ്രഖ്യാപനം നടത്തണമെന്ന് ധാരണയായിട്ടുണ്ട്. ശബരിമല കേന്ദ്രീകരിച്ച് കേരളത്തില്‍ വികസന മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയുന്ന തരത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ ബിജെപി സംസ്ഥാന ഘടകം രൂപീകരിച്ചുകൊണ്ടിരിക്കുകയാണെന്നാണ് വിവരം.

ശബരിമലയെ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ക്രോസ് കേരള -ശബരിമല ഹൈവേയാണ് പ്രധാന വികസന നിര്‍ദ്ദേശങ്ങളിലൊന്ന്. സംസ്ഥാനത്തിനകത്തും പുറത്തും നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാനാവുന്ന വിധത്തിലാണ് ഇതിന്റെ രൂപകല്പന. കൂടാതെ പ്രാവര്‍ത്തികമാക്കാന്‍ പറ്റുന്ന ഇര്‍ദ്ദേശങ്ങള്‍ സ്വരൂപിക്കുന്നതിനായി പാര്‍ട്ടി ശബരിമല സംരക്ഷണ സഭകള്‍ സംഘടിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.

ശബരിമലയില്‍ പ്രസാദത്തിനായി ഉപയോഗിക്കുന്ന അരി, നാളികേരം, നെയ്യ് എന്നിവയടക്കമുള്ള ഉത്പന്നങ്ങള്‍ തദ്ദേശീയമായി ഉത്പാദിപ്പിക്കാനും പദ്ധതി തയ്യാറാക്കും. ശബരിമലയിലെ സ്വയംപര്യാപ്തത സംസ്ഥാനത്താകെ വ്യാവസായിക, കാര്‍ഷിക വികസനത്തിന് വഴിയൊരുക്കുന്ന തരത്തിലാണ് നിര്‍ദ്ദേശമുണ്ടാവുക. വനഭൂമി വിനിയോഗം ആവശ്യമില്ലാത്ത തരത്തിലുള്ള വികസന പദ്ധതികളാണ് അണിയറയില്‍ ഒരുങ്ങുന്നത്.

ശബരിമലയുടെ വികസനം എന്ന ആവശ്യം സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുകയാണെന്നാണ് ബിജെപിയുടെയും മറ്റു പരിവാര സംഘടനകളുടെയും പരാതി. ബിജെപി ശബരിമല കേന്ദ്രീകരിച്ച് രാഷ്ട്രീയ മുന്നേറ്റം ഉണ്ടാക്കുന്നത് തടയുന്നതിനായാണ് കേരളസര്‍ക്കാര്‍ ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

എന്നാല്‍ ബിജെപി വളരെ കൃത്യമായ രീതിയിലാണ് നീങ്ങുന്നത്. എല്ലാ പഞ്ചായത്തുകളിലും ശബരിമല സംരക്ഷണ സഭയുടെ ഭാഗമായുള്ള കൂടിയാലോചനകള്‍ നവംബര്‍ 20നകം പൂര്‍ത്തിയാക്കും. അതിനുശേഷം വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖരെ പങ്കെടുപ്പിച്ച് തിരുവനന്തപുരത്ത് വിപുലമായ തോതില്‍ ശില്പശാല സംഘടിപ്പിക്കും. ഇതിലെ നിര്‍ദ്ദേശങ്ങള്‍ ക്രോഢീകരിച്ച് തയ്യാറാക്കുന്ന വികസന പദ്ധതി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് സമര്‍പ്പിക്കും.

ശബരിമല വികസനത്തിനുതകുന്ന നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കണമെന്ന് പ്രധാന മന്ത്രിയുടെ ഓഫീസ് ബിജെപി സംസ്ഥാന ഘടകത്തിനോട് ആവശ്യപ്പെട്ടിരുന്നു. ബിജെപി സംസ്ഥാന ഘടകം നിര്‍ദ്ദേശിക്കുന്ന പദ്ധതികള്‍ പ്രധാനമന്ത്രി ഔദ്യോഗികമായി പ്രഖ്യാപിക്കും. ഇത് മോഡി ശബരിമല ദര്‍ശനം നടത്തിയതിനു ശേഷമായിരിക്കും എന്നാണ് അറിയുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :