കൊച്ചി|
jibin|
Last Modified ചൊവ്വ, 21 നവംബര്‍ 2017 (15:10 IST)
ഗോവൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ
സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത ‘എസ് ദുർഗ’ പ്രദർശിപ്പിക്കാൻ ഹൈക്കോടതിയുടെ അനുമതി. ഐഎഫ്എഫ്ഐയിൽ നിന്ന് ചിത്രത്തെ ഒഴിവാക്കിയ നടപടി ചോദ്യം ചെയ്‌ത് സംവിധായകൻ സനൽ ശശിധരൻ നൽകിയ ഹർജിയിലാണ് കേരളാ ഹൈക്കോടതിയുടെ പ്രദർശനാനുമതി.
ചിത്രത്തെ ഒഴിവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന സംവിധായകന്റെ ഹർജി അംഗീകരിച്ചാണു ‘എസ് ദുർഗ’യ്‌ക്ക് പ്രദര്‍ശനാനുമതി നല്‍കിയത്. ചിത്രത്തിന്റെ സെർട്ടിഫൈഡ് പതിപ്പ് പ്രദർശിപ്പിക്കാനാണ് ഹൈക്കോടതി അനുമതി നൽകിയിരിക്കുന്നത്.
ചിത്രം ഐഎഫ്എഫ്ഐയിൽ ജൂറി ഉൾപ്പെടുത്തിയിരുന്നെങ്കിലും വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ഇടപെട്ട് എസ് എസ് ദുര്‍ഗയും മറാത്തി ചിത്രം ന്യൂഡും പാക് സിനിമ സാവനും ഒഴിവാക്കുകയായിരുന്നു. ജൂറിയുടെ തീരുമാനത്തെ മറികടന്നു സിനിമയെ ഒഴിവാക്കിയെന്ന് ആരോപിച്ചായിരുന്നു സംവിധായകൻ ശശിധരന് ഹർജി നല്‍കിയത്.
സെൻസർ ബോർഡിന്റെ യു/എ സർട്ടിഫിക്കറ്റ് ലഭിച്ച സിനിമയിൽ അശ്ലീല രംഗങ്ങളൊന്നുമില്ലെന്നും സിനിമയുടെ ഉള്ളടക്കം മനസിലാക്കാതെയാണു സർക്കാർ നടപടിയെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.