തിരുവനന്തപുരം|
VISHNU N L|
Last Updated:
ശനി, 4 ജൂലൈ 2015 (16:56 IST)
മാവോയിസ്റ്റുകള്‍ നടത്തുന്ന പൊള്ളയായ പ്രചരണങ്ങളിലും, അസത്യ പ്രഘോഷണങ്ങളിലും വീണുപോകരുതെന്നും മറിച്ച് പഠിച്ച് രാജ്യത്തിനും സമൂഹത്തിനും സംഭാവനകള്‍ നല്‍കാന്‍ കഴിയുന്നവരായിതീരണമെന്നും ഉപ്ദേശിച്ചുകൊണ്ട് മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ മക്കള്‍ക്ക് തുറന്ന കത്തുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സ്വന്തം ബ്ലോഗിലാണ് ചെന്നിത്തലയുടെ കത്ത്.
ജനങ്ങളുടെ സമാധാന ജീവിതം നശിപ്പിച്ച് ഗറില്ലാ സമരത്തിലൂടെ ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന മാവോയിസ്റ്റ് തീവ്രവാദം ഉയര്‍ത്തുന്ന ആശങ്കകളോടൊപ്പം മാതാപിതാക്കളില്‍ നിന്ന് വേര്‍പെട്ട് അവരുടെ സാമീപ്യവും, സ്നേഹവും, കരുതലും ലഭിക്കാതെ പോകുന്ന രണ്ടു പാവം പെണ്‍കുട്ടികളുട ജീവിതത്തെക്കുറിച്ചുള്ള വേദനയുമാണ് ഇത്തവണ എന്‍റെ ബ്ലോഗിലൂടെ പങ്കുവയ്കാന്‍ ആഗ്രഹിക്കുന്നത് എന്ന മുഖവുരയോടെയാണ്
ചെന്നിത്തല കത്ത് ആരംഭിക്കുന്നത്.
മാവോയിസ്റ്റ് നേതാക്കളായ രൂപേഷിന്‍റെയും ഷൈനയുടെയും മക്കളായ ആമി, സവേര എന്നിവരെക്കുറിച്ചാണ് രണ്ട് പാവം പെണ്‍കുട്ടികള്‍ എന്ന് ഞാന്‍ ഉദ്ദേശിച്ചത്. മാതാപിതാക്കളുടെ സാമിപ്യവും, സ്നേഹവും, പിന്തുണയും ഏറ്റവുമധികം ആവശ്യമുള്ള പ്രായത്തില്‍ നിങ്ങള്‍ക്കത് ലഭിക്കാതെ വരുന്നതില്‍ ദുഃഖിതനാണ്. പൊള്ളയായ പ്രചരണങ്ങളിലും, അസത്യ പ്രഘോഷണങ്ങളിലും നിങ്ങള്‍ രണ്ടു പെണ്‍കുട്ടികളും വീണു പോകരുത്. വിദ്യാഭ്യാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും, പഠിച്ച് മിടുക്കികളായി സമൂഹത്തിനും, രാജ്യത്തിനും വിലപ്പെട്ട സംഭാവനകള്‍ നല്‍കാന്‍ കഴിയുന്നവരായി നിങ്ങള്‍ മാറണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
രൂപേഷിന്റെയും സംഘത്തിന്റെയും അറസ്റ്റിന് ശേഷം കേരളത്തില്‍ കാര്യമായ യാതൊരു മാവോയിസ്റ്റ് പ്രവര്‍ത്തനവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്ന് മാത്രമല്ല അവരോട് അനുഭാവം പുലര്‍ത്തിയിരുന്ന പലരും നിശബ്ദരാവുകയും ചെയ്തു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പരിസ്ഥിതി- മനുഷ്യാവകാശ സംഘടനകളുടെ കുപ്പായമണിഞ്ഞ് കേരളീയ സമൂഹത്തില്‍ നുഴഞ്ഞ് കയറി, അസ്വസ്ഥതകള്‍ സൃഷ്ടിക്കാനുള്ള മാവോയിസ്റ്റ് തന്ത്രത്തെ അതീവ ജാഗ്രതതയോടെ തന്നെ സംസ്ഥാന ആഭ്യന്തര വകുപ്പ് നേരിട്ടു എന്നും അദ്ദേഹം പറയുന്നു.
ആദിവാസി മേഖലകളിലെ പിന്നോക്കാവസ്ഥ ചൂഷണം ചെയ്ത് ചുവടുറപ്പിക്കാനുള്ള ശ്രമത്തെ ആ മേഖലകളില്‍ വികസനത്തിന്‍റെ പുത്തന്‍ വഴിത്താരകള്‍ വെട്ടിത്തുറന്ന് കൊണ്ട് ചെറുത്ത് തോല്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞെന്നും ചെന്നിത്തല അവകാശപ്പെട്ടു. നിൽപ്പു സമരം അടക്കമുള്ള കാര്യങ്ങളിൽ സർക്കാർ എടുത്ത നിലപാടുകളും ചെന്നിത്തല കത്തിൽ വ്യക്തമാക്കി.
ആയുധം കൊണ്ട് മാവോയിസ്റ്റ് ഭീഷണി അടിച്ചമർത്താമെന്നുള്ള വ്യാമോഹം സർക്കാരിനില്ലെന്നും ചര്‍ച്ചയുടെയും സമാധാനത്തിന്‍റെയും വഴികളിലൂടെയായിരിക്കണം എല്ലാ പ്രശ്നങ്ങള്‍ക്കും പരാതികള്‍ക്കും പ്രതിസന്ധികള്‍ക്കും പരിഹാരമുണ്ടാകേണ്ടത് എന്നും ചെന്നിത്തല കത്തില്‍ പറയുന്നു.
പൊലീസ് സ്റ്റേഷനില്‍ സത്യഗ്രഹമിരിക്കുമെന്ന് മാവോയിസ്റ്റ് നേതാവ് രൂപേഷ് പറഞ്ഞതായി മാധ്യമങ്ങളിലൂടെ അറഞ്ഞു. എ.കെ. 47ന് പകരം സമാധാനപൂര്‍ണമായ പ്രതിഷേധവഴികള്‍ തിരഞ്ഞെടുക്കാനുള്ള ഈ മനസ്ഥിതി സ്വാഗതാര്‍ഹമാണെന്നു വ്യക്തമാക്കിയാണ് ചെന്നിത്തല കത്ത് അവസാനിപ്പിക്കുന്നത്.
ബ്ലോഗിന്റെ പൂര്‍ണ രൂപം വായിക്കാം