മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഒളിവില്‍; കൊലവിളി നടത്തിയവരെ തിരിച്ചറിഞ്ഞു - ജില്ല നേതാവടക്കമുള്ള പ്രതികള്‍ രഹസ്യ കേന്ദ്രത്തില്‍

സംഭവത്തെക്കുറിച്ച് ആര്‍എസ്എസ് നേതൃത്വം പ്രതികരിച്ചിട്ടില്ല

 ആര്‍എസ്എസ് , ബിജെപിയുടെ ആക്രമണം , ഒറ്റപ്പാലം
പാലക്കാട്| jibin| Last Modified ബുധന്‍, 15 ജൂണ്‍ 2016 (10:35 IST)
ഒറ്റപ്പാലത്ത് മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുകയും കൊലവിളി നടത്തുകയും ചെയ്‌ത ആര്‍എസ്എസ് പ്രവര്‍ത്തകരെ തിരിച്ചറിഞ്ഞു. ആര്‍എസ്എസ് ജില്ലാ പ്രചാരകും തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശിയുമായ വിഷ്‌ണു,
നെല്ലായം സ്വദേശികളായ ഉണ്ണിക്കൃഷ്ണന്‍, സുബ്രഹ്മണ്യന്‍, മോനു എന്നിവര്‍ക്കായാണു പൊലീസ് തെരച്ചില്‍ നടത്തുന്നത്.

അക്രമത്തിനിരയായ മാധ്യമപ്രവര്‍ത്തകരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നിലവില്‍ മൂന്നു പേര്‍ക്കെതിരെയാണ് ഒറ്റപ്പാലം പൊലീസ് സംഘം കേസെടുത്തിരിക്കുന്നത്. വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. ഞാറയ്ക്കലില്‍ പൊലീസുകാരനെ ആക്രമിച്ച കേസിലെ പ്രതിയാണു വിഷ്ണു. മറ്റു പ്രതികള്‍ക്കെതിരെയും നേരത്തെ കേസുകളുണ്ടായിരുന്നെന്നു പൊലീസ് പറയുന്നു. പ്രതികള്‍ ബിജെപിയുടെ രഹസ്യ കേന്ദ്രത്തിലേക്കു മാറിയെന്നാണ് സൂചന.

ചൊവ്വാഴ്‌ച ഒറ്റപ്പാലം കോടതി വളപ്പിലാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ ആക്രമം അഴിച്ചു വിട്ടത്. മാധ്യമ പ്രവര്‍ത്തകരെ കഴുത്തിനു പിടിച്ചു മര്‍ദ്ദിക്കുകയും ക്യാമറ അടിച്ചു തകര്‍ക്കുകയുമായിരുന്നു. ഒരു എം എല്‍ എ പോലുമില്ലാത്ത കാലത്തും ഇതിലപ്പുറം ചെയ്‌തിട്ടുണ്ടെന്നും തീര്‍ത്തു കളയുമെന്നുമായിരുന്നു കൊലവിളി.

നെല്ലായില്‍ സി പി എം പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിച്ച കേസിലും പ്രദേശത്ത് ആക്രമം അഴിച്ചു വിട്ട കേസിലും പിടിയിലായ ആര്‍ എസ് എസ് പ്രവര്‍ത്തകരെ കോടതിയില്‍ ഹാജരാക്കുന്നതിന് എത്തിച്ചപ്പോള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണമുണ്ടായത്.

സംഭവത്തെക്കുറിച്ച് ആര്‍എസ്എസ് നേതൃത്വം പ്രതികരിച്ചിട്ടില്ല. എന്നാല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ അക്രമം അപലപനീയമാണെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റം അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :