കൂടത്തായി കൊലപാതകം: റോജോ അമേരിക്കയിൽ നിന്ന് നാട്ടിലെത്തി; പൊലീസ് അകമ്പടിയോടെ റെഞ്ചിയുടെ വീട്ടിൽ

ഇന്നു പുലര്‍ച്ചെ നാലുമണിക്ക് ദുബായ് വഴിയാണ് റോജോ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്.

തുമ്പി എബ്രഹാം| Last Updated: തിങ്കള്‍, 14 ഒക്‌ടോബര്‍ 2019 (08:33 IST)
കൂടത്തായി കേസിലെ പരാതിക്കാരനും മരിച്ച ടോം തോമസിന്റെ ഇളയമകനുമായ റോജോ നാട്ടിലെത്തി. കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യപ്രകാരമാണ് അമേരിക്കയില്‍ നിന്ന് ഇന്നു പുലര്‍ച്ചെ റോജോ നാട്ടിലെത്തിയത്. ഇന്നു പുലര്‍ച്ചെ നാലുമണിക്ക് ദുബായ് വഴിയാണ് റോജോ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. തുടര്‍ന്ന് പൊലീസ് അകമ്പടിയോടെ റോജോയെ സഹോദരി റെഞ്ചി താമസിക്കുന്ന വൈക്കത്തെ വീട്ടിലെത്തിച്ചു.

റോജോയുടെ പരാതിയുടെയും മൊഴിയുടെയും വിവരാവകാശത്തിന്റെ പകര്‍പ്പും അടിസ്ഥാനമാക്കിയാണ് പൊലീസ് കേസന്വേഷിക്കുന്നത്. റെഞ്ചിയും റോജോയും ആവശ്യപ്പെട്ട പ്രകാരം ഇരുവര്‍ക്കും വന്‍ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. കേസില്‍ റോജോയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. കോഴിക്കോട് നിന്ന് ഇന്നോ നാളെയോ ആയി ക്രൈംബ്രാഞ്ച് കോട്ടയത്തെത്തിയാവും മൊഴി രേഖപ്പെടുത്തുക. മാധ്യമങ്ങളെ കാണരുതെന്ന് റോജോയ്ക്കു നിര്‍ദ്ദേശമുണ്ടെന്നാണു സൂചന.

കഴിഞ്ഞ മാസമാണ് കുടുംബത്തിലെ ആറുപേരുടെ മരണവുമായി ബന്ധപ്പെട്ട് റോജോ പൊലീസില്‍ പരാതി നല്‍കിയത്. അതേസമയം ജോളിയുടെ ഭര്‍ത്താവ് ഷാജുവിനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനു ഹാജരാകാനായി പുലിക്കയത്തെ വീട്ടിലെത്തി ഇന്നലെ പൊലീസ് ഷാജുവിന് നോട്ടീസ് കൈമാറിയിരുന്നു. മൂന്നാംവട്ടമാണ് ഷാജുവിനെ ചോദ്യം ചെയ്യുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :