റെയ്നാ തോമസ്|
Last Modified തിങ്കള്‍, 14 ഒക്ടോബര്‍ 2019 (08:14 IST)
ബൈക്കിൽ സഞ്ചരിച്ചവരുടെ മേൽ വൈദ്യുതി ലൈൻ പൊട്ടിവീണുണ്ടായ അപകടത്തിൽ യുവതി മരിച്ചു. കീഴൂർ- ആപ്പാഞ്ചിറ റോഡിൽ ബൈക്കിൽ പോയ ദമ്പതിമാരുടെ മുകളിലേക്കാണ് 11 കെ.വി വൈദ്യുതി ലൈൻ പൊട്ടി വീണത്. ഷോക്കേറ്റ് തെറിച്ചു വീണ പൂഴിക്കോൽ ഉള്ളാടംകുന്നേൽ പ്രശാന്തിന്റെ ഭാര്യ രശ്മി (35) ആണ് മരിച്ചത്. ബൈക്കിലുണ്ടായിരുന്ന പ്രശാന്തിനും ഇളയ മകൾ അഭിമന്യ (16) യ്ക്കും പൊള്ളലേറ്റു. രക്ഷാപ്രവർത്തനത്തിന് എത്തിയ ചിലർക്കും ചെറുതായി ഷോക്കേറ്റു.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.45-ന് കീഴൂർ-ആപ്പാഞ്ചിറ റോഡിൽ കളരിക്കൽതാഴെ ട്രാൻസ്ഫോർമറിനു സമീപമാണ് അപകടം. തലയോലപ്പറമ്പിൽ പോയി തിരികെ പൂഴിക്കോലിലെ വീട്ടിലേക്കു മടങ്ങുകയായിരുന്നു മൂവരും. പൊട്ടിവീണ വൈദ്യുതി കമ്പി മൂവരുടെയും ദേഹത്തു ചുറ്റി. ഇതോടെ നിയന്ത്രണംവിട്ട സ്കൂട്ടർ സമീപത്തെ എട്ടടിയോളം താഴ്ചയുള്ള പാടത്തേക്കു മറിഞ്ഞു. പ്രശാന്തും മകൾ അഭിമന്യയും പാടത്തു പച്ചക്കറി കൃഷിക്കായി ഒരുക്കിയിരുന്ന മണ്‍കൂനയിലേക്കും രശ്മി പാടത്തെ വെള്ളക്കെട്ടിലേക്കുമാണു വീണത്. രശ്മിയുടെ കൈയിൽ ചുറ്റി കിടക്കുന്ന നിലയിലായിരുന്നു വൈദ്യുതി കമ്പി.