വിമാനത്താവളം വഴി കടത്തിയ സ്വർണ്ണം തട്ടിയെടുക്കാനെത്തിയവർ പിടിയിൽ
എ കെ ജെ അയ്യര്‍|
Last Modified വ്യാഴം, 10 ഫെബ്രുവരി 2022 (10:52 IST)
മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണ്ണം തട്ടിയെടുക്കുന്നതിനു ശ്രമിച്ച ഒമ്പതു പേരെ പോലീസ് അറസ്റ്റ് ചെയ്തു. നിലമ്പൂരിലെ കൊട്ടേഷൻ സംഘ തലവനും സംഘവുമാണ് പിടിയിലായത്.
കഴിഞ്ഞ മാസം 22 ന് കസ്റ്റംസിന്റെ നിരീക്ഷണത്തിൽ നിന്ന് വെട്ടിച്ചു പുറത്തുകൊണ്ടുവന്ന ഒന്നര കിലോ സ്വർണ്ണം യാത്രക്കാരനിൽ നിന്ന് തട്ടിയെടുക്കാൻ ശ്രമിച്ചതാണ് സംഭവം. വിമാനത്താവള ടെർമിനലിന് മുന്നിൽ വച്ചായിരുന്നു നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
കൊട്ടേഷൻ സംഘത്തിലെ ശതാബ്, ആരിഫ്, റൺസ്, സുനിൽ, ജിൻസൺ വർഗീസ്, ഹാരിസ് ബാബു, സക്കീർ എന്നിവരെയും ഇവർക്ക് കർണ്ണാടകം, വഴിക്കടവ് എന്നിവിടങ്ങളിൽ ഒളിത്താവളം ഒരുക്കിയ സഹായികളായ സുനിൽ ജേക്കബ്, രവി ശങ്കർ എന്നിവരുമാണ് പിടിയിലായത്.
എന്നാൽ സംഭവം കണ്ട കരിപ്പൂർ പോലീസ് എത്തിയപ്പോഴേക്കും സ്വർണ്ണം കടത്തിയ യാത്രക്കാരനും മറ്റു രണ്ട് പേരും പിടിയിലായിരുന്നു. ബാക്കിയുള്ളവർ രക്ഷപ്പെട്ടിരുന്നു. സംഘത്തലവനായ ശതാഭിനെ കാപ്പ ചുമത്തി നാട് കടത്തിയിരുന്നു. ഇയാൾക്കെതിരെ പത്തിലേറെ കേസുകൾ ഉണ്ടെന്നാണ് പോലീസ് അറിയിച്ചത്.