ചെന്നിത്തലയ്ക്ക് ഋഷിരാജ് സിംഗിന്റെ കൂപ്പുകൈ; വിവാദത്തിന് ശേഷം ഇരുവരും ഒരേ വേദിയില്‍

Last Modified ബുധന്‍, 15 ജൂലൈ 2015 (16:16 IST)
ആഭ്യന്തര മന്ത്രിയെ വിവാദത്തിന് ശേഷം വീണ്ടും രമേശ് ചെന്നിത്തലയും എഡിജിപി ഋഷിരാജ് സിംഗും വീണ്ടും ഒരേ വേദിയിലെത്തി. തിരുവനന്തപുരം ആക്കുളത്ത് ആഭ്യന്തരവകുപ്പിന്‍റെ പരിപാടിയിലാണ് ഇരുവരും വീണ്ടും ഒരേ വേദിയിലെത്തിയത്.
ചടങ്ങിനെത്തിയ ആഭ്യന്തരമന്ത്രിയെ എഡിജിപി ഋഷിരാജ് സിംഗ് കൈകൂപ്പി വണങ്ങി. തുടർന്ന് ഹസ്തദാനം നടത്തി ഇരുവരും സ്റ്റേജിലേയ്ക്ക് കയറിയിരുന്നു.

ഉദ്ഘാടകനായ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വേദിയിലേക്കെത്തുമ്പോള്‍ ലോക്‌നാഥ് ബഹ്‌റക്കൊപ്പം മുന്‍ സീറ്റിലിരിക്കുകയായിരുന്നു ഋഷിരാജ് സിംഗ്. ഇരുവരും യൂണിഫോമിലായിരുന്നില്ല. മന്ത്രി വന്നതോടെ ലോക്‌നാഥ് ബഹ്‌റക്കൊപ്പം
ഋഷിരാജ് സിംഗും എഴുന്നേറ്റു. തുടര്‍ന്ന് കൈകൂപ്പിയാണ് ഋഷിരാജ് സിംഗ് മന്ത്രിയെ വണങ്ങിയത്.

നേരത്തെ തൃശൂരിലെ പൊലീസ് അക്കാദമിയില്‍ നടന്ന ചടങ്ങില്‍ രമേശ് ചെന്നിത്തല എത്തിയപ്പോള്‍ ഋഷിരാജ് സിംഗ് എഴുനേറ്റില്ലെന്നും സല്യൂട്ട് ചെയ്തില്ലെന്നുമുള്ളത് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ രമേശ് ചെന്നിത്തലയെ മൈന്‍ഡ് ചെയ്യാതിരിക്കുന്ന ഋഷിരാജ് സിംഗിന്റെ ചിത്രം വൈറലായിരുന്നു.സംസ്ഥാന ആഭ്യന്തരമന്ത്രിയോട് അനാദരവ് കാണിച്ച ഋഷിരാജ് സിംഗിനെതിരെ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ എംഎല്‍എമാര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. പിന്നീട് മാധ്യമങ്ങളെ കണ്ടപ്പോള്‍ ഋഷിരാജ് സിംഗ് ചെയ്തത് തെറ്റാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :