അഭിറാം മനോഹർ|
Last Modified വെള്ളി, 6 സെപ്‌റ്റംബര്‍ 2024 (17:58 IST)
നെട്ടൂരിനും കരയാമ്പറമ്പിനും ഇടയില്‍ ദേശീയപാത വികസന അതോറിറ്റി നിര്‍ദേശിച്ച 44 കിലോമീറ്റര്‍ നീളമുള്ള കൊച്ചി ബൈപാസിനായി സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കുന്നു. അരൂര്‍- ഇടപ്പള്ളി എന്‍ എച്ച് 66 ബൈപാസിന്റെയും ഇടപ്പള്ളി- അങ്കമാലി എന്‍ എച്ച് 544 പാതയുടെയും തിരക്ക് കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി.
ബൈപ്പാസിനായി മൊത്തം 290.58 ഹെക്ടര്‍ ഭൂമിയാണ് ഇതോടെ റവന്യൂ വകുപ്പിന് ഏറ്റെടുക്കേണ്ടതായി വരിക. ആറ് വരിയിലുള്ള നിര്‍ദിഷ്ട പദ്ധതി കൊച്ചി ബൈപ്പാസ് ഇടപ്പള്ളി- അരൂര്‍ എന്‍ എച്ച് 66 ബൈപാസിലെ നെട്ടൂരില്‍ നിനും ആരംഭിച്ച് എന്‍ എച്ച് 544 ലെ അങ്കമാലിക്ക് വടക്ക് സ്ഥിതി ചെയ്യുന്ന കരയാം പറമ്പില്‍ അവസാനിക്കുന്ന രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. ആലുവ( 6 വില്ലേജുകള്‍),കുന്നത്തുനാട്(8 വില്ലേജുകള്‍),കണയന്നൂര്‍(4 വില്ലേജുകള്‍) താലൂക്കുകളിലെ 18 വില്ലേജുകളില്‍ നിന്നായാണ് ദേശീയ പാത ഇടനാഴിക്കായി ഭൂമി ഏറ്റെടുക്കുന്നത്.
സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കുന്നതിനായി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ 3(എ) പ്രാഥമിക വിജ്ഞാപനം ഇതിനകം പുറപ്പെടുവിച്ചു.
വിവിധ വില്ലേജുകളില്‍ നിന്നുള്ള 100 ഓളം സര്‍വേയര്‍മാരാണ് ഭൂമി ഏറ്റെടുക്കല്‍ പക്രിയ നിര്‍വഹിക്കുക.