ചെന്നിത്തലയുടെ 'പൂഴിക്കടകന്‍'; സതീശന്‍ തള്ളിയ അന്‍വറിനെ 'ചേര്‍ത്തുപിടിച്ചു', പോര് മുറുകുന്നു

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കം കൂടുതല്‍ രൂക്ഷമാകുന്ന നിലയിലേക്കാണ് പോകുന്നത്

VD Satheesan and Ramesh Chennithala
VD Satheesan and Ramesh Chennithala
രേണുക വേണു| Last Modified വ്യാഴം, 29 മെയ് 2025 (11:44 IST)

കോണ്‍ഗ്രസില്‍ വി.ഡി.സതീശന്‍ - രമേശ് ചെന്നിത്തല പോര് രൂക്ഷമാകുന്നു. പി.വി.അന്‍വറിന്റെ കാര്യത്തില്‍ വ്യത്യസ്ത നിലപാടുമായി ചെന്നിത്തല രംഗത്തെത്തി. അന്‍വറിനെ കാര്യമായെടുക്കേണ്ടെന്ന് സതീശന്‍ പറയുമ്പോള്‍ 'ചേര്‍ത്തുപിടിക്കുന്ന' നിലപാടാണ് ചെന്നിത്തലയുടേത്.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കം കൂടുതല്‍ രൂക്ഷമാകുന്ന നിലയിലേക്കാണ് പോകുന്നത്. അന്‍വര്‍ കോണ്‍ഗ്രസിനു തലവേദനയല്ലെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. ന്യൂസ് 18 ചാനലിനോടാണ് ചെന്നിത്തലയുടെ പ്രതികരണം. അന്‍വര്‍ നിലമ്പൂരില്‍ മത്സരിക്കില്ലെന്നാണ് ചെന്നിത്തലയുടെ പ്രതികരണം. ഇതിനോടകം അന്‍വറുമായി ചെന്നിത്തല ഫോണില്‍ സംസാരിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സതീശന്‍ ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യത്തില്‍ ചെന്നിത്തലയെ സ്വാധീനിച്ച് കളംപിടിക്കാനാണ് അന്‍വറും ശ്രമിക്കുന്നത്.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും അന്‍വറിനു കോണ്‍ഗ്രസ് വഴങ്ങേണ്ടതില്ലെന്ന ഉറച്ച തീരുമാനത്തിലാണ്. അതിനിടയിലാണ് വ്യത്യസ്ത നിലപാടുമായി ചെന്നിത്തലയുടെ എന്‍ട്രി. അന്‍വറിനെ പൂര്‍ണമായി തള്ളേണ്ട ആവശ്യമില്ലെന്നാണ് ചെന്നിത്തലയുടെ നിലപാട്. അന്‍വറിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ച് ഒപ്പം ചേര്‍ക്കണമെന്ന് ചെന്നിത്തല കെപിസിസി നേതൃത്വത്തോടു ആവശ്യപ്പെട്ടേക്കും. കോണ്‍ഗ്രസിലെ ചില മുതിര്‍ന്ന നേതാക്കള്‍ക്കും അന്‍വറിനെ ഒപ്പം കൂട്ടണമെന്ന നിലപാടുണ്ട്.

അതേസമയം നിലമ്പൂരില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്ന കാര്യത്തില്‍ അന്‍വര്‍ ഇപ്പോഴും ത്രിശങ്കുവിലാണ്. കേരളത്തിലെ തൃണമൂല്‍ കോണ്‍ഗ്രസിനെ അസോഷ്യേറ്റ് പാര്‍ട്ടിയായി മുന്നണിയിലെടുക്കാന്‍ കോണ്‍ഗ്രസ് സമ്മതിച്ചാല്‍ അന്‍വര്‍ നിലമ്പൂരില്‍ മത്സരിക്കില്ല. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയസാധ്യതയുള്ള ഒരു സീറ്റ് വേണമെന്നാണ് അന്‍വറിന്റെ ഇപ്പോഴത്തെ നിലപാട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :