മലപ്പുറം|
VISHNU N L|
Last Modified വെള്ളി, 3 ഏപ്രില്‍ 2015 (15:59 IST)
രാജ്യസഭാ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ടു മുസ്ലിം ലീഗില്‍ തര്‍ക്കം നിലനില്‍ക്കെ സീറ്റ് ലഭിക്കാന്‍ ഏറെ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന മുന്‍ എംപി പിവി അബ്ദുല്‍ വഹാബിനെതിരെ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ രംഗത്തെത്തി.
മുന്‍പ് ഒരു മുതലാളിക്ക് രാജ്യസഭാ സീറ്റ് നല്‍കിയപ്പോള്‍ പാര്‍ട്ടി വലിയ വില കൊടുക്കേണ്ടി വന്നിട്ടുണ്ടെന്ന് കാട്ടിയാണ് ഇദ്ദേഹം ലീഗിലെ ആഭ്യന്തര പ്രശ്നത്തില്‍ ഇടപെടുന്നത്.
തന്റെ ഫേസ്ബുക്ക് അക്കൌണ്ടില്‍ കൂടിയാണ് വഹാബിനെതിരെ തങ്ങള്‍ രംഗത്തെത്തിയത്. ഇന്ന് ഉച്ചയ്ക്ക് ശേഷം പോസ്റ്റ് ചെയ്ത അഭിപ്രായത്തിലാണ് വഹാബിനനുകൂലമായ തീരുമാനത്തെ തങ്ങളെ തുറന്നെതിര്‍ത്തത്. സേവന പാരമ്പര്യവും അച്ചടക്കവുമുള്ള പാര്‍ട്ടി നേതാക്കള്‍ക്കു കൊടുക്കേണ്ട ഒരു പദവിയാണ് രാജ്യസഭാ സീറ്റെന്നും പാര്‍ട്ടിയുടെ പാരമ്പര്യത്തിനു കോട്ടം തട്ടാത്ത രീതിയിലുള്ള ഒരു തീരുമാനം വരുമെന്നു പ്രതീക്ഷിക്കുന്നതായും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
മുന്‍പ് ഒരു മുതലാളിക്ക് ആ സ്ഥാനം നല്‍കിയപ്പോള്‍ പാര്‍ട്ടി വലിയ വില കൊടുക്കേണ്ടി വന്നിട്ടുണ്ട്. എന്റെ പിതാവിനെ ഏറെ വിഷമിപ്പിച്ച ഒരു തീരുമാനമായിരുന്നു അത്. ഈ തീരുമാനം വേണ്ടായിരുന്നുവെന്നു പല പ്രാവശ്യം അദ്ദേഹം പറയുന്നതു ഞാന്‍ കേട്ടിട്ടുണ്ട്. ലീഗ് പ്രവര്‍ത്തകരുടെ ആവേശം കെടുത്തുന്ന തീരുമാനത്തിന്റെ തനിയാവര്‍ത്തനം ഇനി ഉണ്ടാവില്ല എന്നു പ്രതീക്ഷിക്കുന്നു- ഇങ്ങനെ പോകുന്നു സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ എന്ന തന്റെ എഫ്ബി പേജില്‍ അദ്ദേഹം കുറിച്ച വാക്കുകള്‍.
വഹാബും ലീഗ് സംസ്ഥാന ജന. സെക്രട്ടറി കെപിഎ മജീദുമാണു ലീഗിന്റെ സ്ഥാനാര്‍ഥി പട്ടികയിലുള്ളത്. വഹാബിനെ പരോക്ഷമായിന്‍ എതിര്‍ത്ത് തങ്ങള്‍ രംഗത്ത് വന്നതിനാല്‍ മജീദിനേയോ, അല്ലെങ്കില്‍ മൂന്നാമതൊരാളെയോ രാജ്യസഭാംഗമാക്കാനാണ് ലീഗില്‍ ഇപ്പോഴുണ്ടായിരിക്കുന്ന തീരുമാനം. അതേസമയം തങ്ങളുടെ പോസ്റ്റ് വിവാദമായതിനെ തുടര്‍ന്ന് ഫേസ്ബുക്കില്‍ നിന്ന് പിന്‍വലിച്ചിട്ടുണ്ട്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.