കനത്തമഴയില്‍ സംസ്ഥാനത്ത് പൂര്‍ണമായും തകര്‍ന്നത് 14 വീടുകള്‍, ഭാഗീകമായി 398 വീടുകളും തകര്‍ന്നു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 6 ജൂലൈ 2023 (18:55 IST)
കനത്ത മഴയെത്തുടര്‍ന്നു സംസ്ഥാനത്ത് 64 ദുരിതാശ്വാസ ക്യാംപുകളിലായി 1154 പേരെ മാറ്റിപ്പാര്‍പ്പിച്ചു. കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ 14 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. 398 വീടുകള്‍ക്കു കേടുപാടുകള്‍ പറ്റി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലാണു മഴക്കെടുതി രൂക്ഷം. പത്തനംതിട്ടയില്‍ 27 ക്യാംപുകള്‍ തുറന്നു. 171 കുടുംബങ്ങളിലെ 581 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ആലപ്പുഴയില്‍ ഏഴു ക്യാംപുകളിലായി 43 കുടുംബങ്ങളിലെ 150 പേരെയും കോട്ടയത്ത് 22 ക്യാംപുകളിലായി 83 കുടുംബങ്ങളിലെ 284 പേരെയും മാറ്റിപ്പാര്‍പ്പിച്ചു. കോട്ടയം ജില്ലയില്‍ ഒരു വീട് പൂര്‍ണമായും 30 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ആലപ്പുഴയില്‍ 112 വീടുകള്‍ക്കും പത്തനംതിട്ടയില്‍ 19 വീടുകള്‍ക്കും ഭാഗിക നാശനഷ്ടമുണ്ടായി. ഇടുക്കിയില്‍ ആരംഭിച്ച ഒരു ക്യാമ്പില്‍ മൂന്നു കുടുംബങ്ങളിലെ ഏഴുപേരെ മാറ്റിപ്പാര്‍പ്പിച്ചു. 19 വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണമായും തകര്‍ന്നു.

തൃശൂരില്‍ മൂന്നും എറണാകുളത്ത് രണ്ടും മലപ്പുറം, കാസര്‍കോഡ് ജില്ലകളില്‍ ഒന്നു വീതവും ക്യാംപുകള്‍ തുറന്നു. എറണാകുളത്ത് 11 കുടുംബങ്ങളിലെ 31 പേരും തൃശൂരില്‍ 15 കുടുംബങ്ങളിലെ 33 പേരും മലപ്പുറത്ത് 13 കുടുംബങ്ങളിലെ 66 പേരും കാസര്‍കോഡ് ഒരു കുടുംബത്തിലെ രണ്ടു പേരും ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നുണ്ട്. തൃശൂരില്‍ മൂന്നു വീടുകള്‍ പൂര്‍ണമായും 51 വീടുകള്‍ ഭാഗികമായും തകര്‍ന്നു. എറണാകുളത്ത് അഞ്ചു വീടുകള്‍ ഭാഗികമായി തകര്‍ന്നു. മലപ്പുറത്ത് 41 വീടുകള്‍ ഭാഗികമായും നാലു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. കാസര്‍കോഡ് 30 വീടുകള്‍ ഭാഗികമായും ഒരു വീടു പൂര്‍ണമായും തകര്‍ന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :