തിരുവനന്തപുരം|
VISHNU N L|
Last Modified വ്യാഴം, 30 ഏപ്രില്‍ 2015 (18:15 IST)
റിസര്‍വേഷനില്ലാതെ സ്ളീപ്പര്‍ ക്ളാസില്‍ യാത്ര ചെയ്യുന്നതിന് റയില്‍വേയുടെ വിലക്ക്. തീവണ്ടികളിലെ സ്‌ളീപ്പര്‍ കോച്ചുകളില്‍ റിസര്‍വ് ചെയ്യാതെയുള്ള പകല്‍ യാത്രക്ക് നാളെ മുതലാണ് നിയന്ത്രണം. 200 കിലോമീറ്ററില്‍ താഴെയുള്ള പകല്‍ യാത്രയ്ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. സ്ളീപ്പര്‍ ടിക്കറ്റെടുത്താലും റിസര്‍വേഷനില്ലാതെ സ്ളീപ്പര്‍ ക്ളാസില്‍ യാത്ര ചെയ്യാനാകില്ലെന്നും അത്തരക്കാര്‍ റിസര്‍വേഷനില്ലാത്ത സ്ളീപ്പര്‍ കോച്ചില്‍ (ഡീ റിസര്‍വ്വ്ഡ്) യാത്രചെയ്യണമെന്നുമാണ് ദക്ഷിണ റെയില്‍വേ നല്‍കിയിരിക്കുന്ന നിര്‍ദേശം.
റിസര്‍വേഷനില്ലാതെ
യാത്ര ചെയ്യണമെങ്കില്‍ അധിക നിരക്ക് നല്‍കണമെന്നും നിര്‍ദേശമുണ്ട്. എക്സ്പ്രസ്, സൂപ്പര്‍ഫാസ്റ്റ് ട്രയിനുകളിലെ സ്ളീപ്പര്‍ കോച്ചുകളില്‍ റിസര്‍വേഷന്‍ ടിക്കറ്റെടുത്ത് സഞ്ചരിക്കുന്ന യാത്രക്കാര്‍, തങ്ങളുടെ കോച്ചുകളില്‍ റിസര്‍വേഷനില്ലാത്ത ആളുകള്‍ കയറുന്നതായി പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് റയില്‍വേയുടെ നടപടി. ഹ്രസ്വദൂര യാത്രക്കാരെയാണ് ഇത് പ്രതികൂലമായി ബാധിക്കുക. എന്നാല്‍ ദീര്‍ഘദൂരയാത്രക്കാര്‍ക്ക് ഇത് ഗുണകരമാകും.
റിസര്‍വേഷനില്ലാത്ത സ്ളീപ്പര്‍ കോച്ചുകള്‍ വിരലിലെണ്ണാവുന്നത് മാത്രമാണെന്നതിനാല്‍ ഹ്രസ്വദൂര യാത്രക്കാര്‍ക്കിത് തിരിച്ചടിയാണ്. പല ട്രെയിനുകളിലും ഇത്തരം ബോഗി ഇല്ലാത്തതിനാല്‍ ജനങ്ങള്‍ വലയുമെന്നര്‍ഥം.
റയില്‍വേയുടെ നിര്‍ദ്ദേശപ്രകാരം ഇനിമുതല്‍ കോഴിക്കോടു നിന്ന് ഷൊര്‍ണൂരിലേക്കോ തിരൂരിലേക്കോ യാത്ര ചെയ്യേണ്ടവര്‍ എറണാകുളത്തേക്കുള്ള ചാര്‍ജ്ജ് കൊടുക്കേണ്ടിവരും. തിരുവനന്തപുരത്തുനിന്നും റിസര്‍വേഷനില്ലാതെ സ്ളീപ്പറില്‍ കയറി കൊല്ലത്തിറങ്ങണമെങ്കിലും എറണാകുളം വരെയുള്ള ചാര്‍ജ് നല്‍കേണ്ടിവരും. തിരുവനന്തപുരം-കൊല്ലം യാത്രയ്ക്ക് 65 രൂപയാണെങ്കില്‍ പുതുക്കിയ നിര്‍ദേശമനുസരിച്ച് 120 രൂപയും റിസര്‍വേഷന്‍ ഫീസും നല്‍കേണ്ടിവരും.
സ്ളീപ്പര്‍ ടിക്കറ്റെടുക്കുന്നര്‍ കാലാകാലങ്ങളായി റിസര്‍വേഷന്‍ - ഡീ റിസര്‍വേഷന്‍ നോക്കാതെയാണ് യാത്രചെയ്യുന്നത്. നിര്‍ദ്ദേശം നടപ്പിലാക്കുമ്പോള്‍ യാത്രക്കാര്‍ക്ക് ഹ്രസ്വദൂരയാത്രക്ക് കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റിനേക്കാള്‍ പണം നല്‍കേണ്ടിവരും.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.