Rahul Mamkootathil: എംഎല്‍എ സ്ഥാനം രാജിവയ്ക്കില്ല, 2026 ല്‍ സീറ്റില്ല; രാഹുല്‍ ഒറ്റപ്പെടുന്നു

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഒരു എംഎല്‍എയ്‌ക്കെതിരെ ഇത്രയും ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നത് പാര്‍ട്ടിയെയും മുന്നണിയെയും പ്രതിരോധത്തിലാക്കിയെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍

Rahul Mamkootathil Congress, Rahul Mamkootathil Youth Congress President, Rahul Mamkootathil, Rahul Mamkootathil case, Rahul Mamkootathil Who Cares, രാഹുല്‍ മാങ്കൂട്ടത്തില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ കേസ്, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസ്‌
രേണുക വേണു| Last Modified വെള്ളി, 22 ഓഗസ്റ്റ് 2025 (08:25 IST)
Rahul Mamkootathil

Rahul Mamkootathil: ഒന്നിലേറെ പേര്‍ ലൈംഗികാരോപണം ഉന്നയിച്ച പശ്ചാത്തലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കോണ്‍ഗ്രസില്‍ എതിര്‍പ്പ് മുറുകുന്നു. ആരോപണവിധേയനായ എംഎല്‍എ രാജിവയ്ക്കുന്ന കീഴ് വഴക്കം ഇല്ലാത്തതിനാല്‍ രാഹുലിനെ എംഎല്‍എ സ്ഥാനത്തുനിന്ന് മാറ്റില്ല. എന്നാല്‍ കോണ്‍ഗ്രസിന്റെ പൊതുപരിപാടികളില്‍ രാഹുലിനെ സ്ഥാനമുണ്ടാകില്ല.

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഒരു എംഎല്‍എയ്‌ക്കെതിരെ ഇത്രയും ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നത് പാര്‍ട്ടിയെയും മുന്നണിയെയും പ്രതിരോധത്തിലാക്കിയെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്ന് രാഹുലിനെ ഉടനെ നീക്കാന്‍ തീരുമാനിച്ചത്. മാത്രമല്ല 2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ രാഹുലിനു സീറ്റ് നല്‍കാതിരിക്കാനും സാധ്യതയുണ്ട്.

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിയാനും രാഹുല്‍ ആദ്യം തയ്യാറായിരുന്നില്ല. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ കൂടി കൈവിട്ടതോടെ രാഹുലിനു മുന്നില്‍ രാജിയല്ലാതെ മറ്റൊരു വഴിയില്ലാതാകുകയായിരുന്നു. രമേശ് ചെന്നിത്തല, കെ.സുധാകരന്‍, കെ.മുരളീധരന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളെല്ലാം രാഹുലിനെതിരെ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനോടു നിലപാട് അറിയിച്ചു. മുതിര്‍ന്ന നേതാക്കളെല്ലാം രാഹുലിന്റെ കാര്യത്തില്‍ ഒറ്റക്കെട്ടാണെന്ന് മനസിലായതോടെ സതീശന്‍ രാജി ആവശ്യപ്പെട്ടു.

രാഹുലിന്റെ അടുത്ത സുഹൃത്തായ ഷാഫി പറമ്പിലും പിന്തുണയ്ക്കാനെത്തിയില്ല. രാഹുലിനെ പൂര്‍ണമായി തഴയുന്ന നിലപാടായിരുന്നു ഷാഫിയുടേതും. ഷാഫിയുടെ പ്രതികരണം അറിയാന്‍ മാധ്യമങ്ങള്‍ പലവട്ടം ബന്ധപ്പെട്ടെങ്കിലും പിടികൊടുത്തില്ല. ഒടുവില്‍ ഷാഫി കേരളം വിട്ടതായും വാര്‍ത്തകളുണ്ട്. രാഹുല്‍ ഗാന്ധിയുടെ 'വോട്ട് അധികാര്‍ യാത്ര'യില്‍ പങ്കെടുക്കാനാണ് ബിഹാറിലേക്ക് പോയെന്നാണ് ഷാഫിയുമായി അടുത്ത വൃത്തങ്ങളുടെ വിശദീകരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :