Thiruvananthapuram|
രേണുക വേണു|
Last Modified വ്യാഴം, 21 ഓഗസ്റ്റ് 2025 (19:33 IST)
Ramesh Chennithala and Rahul Mamkootathil
Rahul Mamkootathil: യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തു നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ മാറ്റാന്‍ സമ്മര്‍ദ്ദം ചെലുത്തിയത് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗുരുതര ആരോപണങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ രാഹുലിനെ ഉടന്‍ അധ്യക്ഷസ്ഥാനത്തുനിന്ന് നീക്കണമെന്ന് ചെന്നിത്തല നിലപാടെടുത്തതോടെ വി.ഡി.സതീശനു വഴങ്ങേണ്ടിവന്നു.
സതീശനുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. ആരോപണം ഉയര്‍ന്ന ആദ്യഘട്ടത്തില്‍ രാഹുലിനെ സംരക്ഷിക്കാമെന്ന നിലപാടിലായിരുന്നു സതീശന്‍. എന്നാല്‍ ചെന്നിത്തല ശക്തമായ നിലപാടെടുത്തതോടെ സതീശനു മറ്റൊരു വഴിയില്ലാതായി. ചെന്നിത്തലയ്‌ക്കൊപ്പം കെപിസിസി മുന്‍ അധ്യക്ഷനായ കെ.സുധാകരനും രാഹുലിനെതിരെ കടുത്ത നിലപാടെടുത്തു. പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടേക്കാമെന്ന സ്ഥിതി വന്നതോടെ സതീശന്‍ പരസ്യമായി രാഹുലിനെ തള്ളി.
രാഹുലിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തു നിന്ന് നീക്കണമെന്ന് ആവശ്യമുയര്‍ത്തി. ഒന്നുകില്‍ രാജി എഴുതി വാങ്ങണം, അല്ലെങ്കില്‍ പുറത്താക്കണം എന്നായിരുന്നു നിലപാട്. ഇക്കാര്യം കെപിസിസി നേതൃത്വത്തെ ചെന്നിത്തല അറിയിക്കുകയും ചെയ്തു. രാഹുലിനെ സംരക്ഷിച്ചാല്‍ അത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന ചെന്നിത്തലയുടെ നിലപാട് തന്നെയായിരുന്നു കെ.സുധാകരന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ക്കും. ഇതോടെ രാഹുലിനോടു രാജി വയ്ക്കാന്‍ കെപിസിസി നേതൃത്വവും സതീശനും ആവശ്യപ്പെട്ടു.