ഗര്‍ഭഛിദ്രം നടത്തിയത് രണ്ട് യുവതികള്‍, നിര്‍ണായക വിവരങ്ങള്‍ കൈമാറി ഇന്റലിജന്‍സ്; രാഹുല്‍ പ്രതിരോധത്തില്‍
ഗര്‍ഭഛിദ്രത്തിന്റെ ആശുപത്രി രേഖകള്‍ അടക്കം ഇന്റലിജന്‍സ് ആണ് വിവരങ്ങള്‍ കണ്ടെത്തിയത്
രേണുക വേണു|
Last Modified ചൊവ്വ, 2 സെപ്‌റ്റംബര്‍ 2025 (11:59 IST)
രാഹുല്‍ മാങ്കൂട്ടത്തിലിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി ക്രൈം ബ്രാഞ്ച് കണ്ടെത്തലുകള്‍. രാഹുല്‍ രണ്ട് യുവതികളെ നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിനു പ്രേരിപ്പിച്ചുവെന്നാണ് അന്വേഷണസംഘത്തിനു വ്യക്തമായിരിക്കുന്നത്.
ഗര്‍ഭഛിദ്രത്തിന്റെ ആശുപത്രി രേഖകള്‍ അടക്കം ഇന്റലിജന്‍സ് ആണ് വിവരങ്ങള്‍ കണ്ടെത്തിയത്. ഇവ ക്രൈം ബ്രാഞ്ചിനു കൈമാറി. ഇതില്‍ ഒരു ഗര്‍ഭഛിദ്രം നടന്നിരിക്കുന്നത് കേരളത്തിനു പുറത്താണ്. ഗര്‍ഭഛിദ്രത്തിനു വിധേയയായ ഒരു യുവതിയുടെ മാത്രമാണ് ഫോണ്‍ സംഭാഷണം പുറത്തുവന്നത്. മറ്റൊരു യുവതിയെ കുറിച്ചും അന്വേഷണസംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ ക്രൈം ബ്രാഞ്ച് ബന്ധപ്പെടും.
ഗര്‍ഭഛിദ്രത്തിനു ശേഷം പരാതി കൊടുക്കാതിരിക്കാന്‍ ഈ യുവതികളെ രാഹുല്‍ മാങ്കൂട്ടത്തില്‍ ഭീഷണിപ്പെടുത്തിയതായും വിവരമുണ്ട്. രണ്ട് യുവതികളും ഒരേ മേഖലയില്‍ ജോലി ചെയ്യുന്നവരാണ്. രാഹുല്‍ എംഎല്‍എയായി തുടരുന്ന സാഹചര്യത്തില്‍ കേസിന്റെ വിശദാംശങ്ങള്‍ അന്വേഷണസംഘം സ്പീക്കറെ അറിയിക്കാനും സാധ്യതയുണ്ട്.
ഗര്‍ഭഛിദ്രത്തിനു വിധേയയായ ഒരു യുവതിയുമായി നാല് മാധ്യമപ്രവര്‍ത്തകര്‍ ആശയവിനിമയം നടത്തിയിട്ടുണ്ട്. ഈ മാധ്യമപ്രവര്‍ത്തകരില്‍ നിന്നും അന്വേഷണസംഘം മൊഴിയെടുക്കും.