വിദ്യാര്‍ഥിയുടെ കോഷന്‍ ഡെപ്പോസിറ്റ് തടഞ്ഞുവച്ച കോളേജിനു 20,000 രൂപ പിഴ

കോളജിലേക്ക് കുട്ടി തുക വല്ലതും നല്‍കാന്‍ കുടിശിഖയുണ്ടോ എന്ന് നോക്കിയിട്ട് ഡപ്പോസിറ്റ് ബാക്കിയുണ്ടെങ്കില്‍ നല്‍കാമെന്നു അറിയിച്ച കോളജ് അധികൃതര്‍ കോഴ്‌സ് കഴിഞ്ഞ് രണ്ടു വര്‍ഷമായിട്ടും പ്രശ്‌നം തീര്‍പ്പാക്കിയില്ല

രേണുക വേണു| Last Modified തിങ്കള്‍, 2 സെപ്‌റ്റംബര്‍ 2024 (12:11 IST)

വിദ്യാര്‍ഥിയുടെ കോഷന്‍ ഡപ്പോസിറ്റ് തടഞ്ഞുവച്ച കോളജിന് 20,000 രൂപ പിഴ. ഇടുക്കി പീരുമേട് അയ്യപ്പ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസാണ് പിഴ ഒടുക്കേണ്ടത്. സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ.എ.അബ്ദുല്‍ ഹക്കിം തിരുവനന്തപുരത്ത് നടത്തിയ വിചാരണക്ക് ശേഷമാണ് ഉത്തരവിട്ടത്.

ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥിക്ക് ലഭിക്കാനുള്ള കോഷന്‍ ഡപ്പോസിറ്റ് നല്‍കിയില്ലെന്നു കാണിച്ച് പിതാവ് കോട്ടയം അമ്പാറനിരപ്പേല്‍ പെരുമ്പള്ളില്‍ പി.പി.സുരേഷ്‌കുമാറിന്റെ വിവരാവകാശ അപേക്ഷക്ക് മറുപടി നല്‍കാതിരുന്നതാണ് കുറ്റം.

കോളജിലേക്ക് കുട്ടി തുക വല്ലതും നല്‍കാന്‍ കുടിശിഖയുണ്ടോ എന്ന് നോക്കിയിട്ട് ഡപ്പോസിറ്റ് ബാക്കിയുണ്ടെങ്കില്‍ നല്‍കാമെന്നു അറിയിച്ച കോളജ് അധികൃതര്‍ കോഴ്‌സ് കഴിഞ്ഞ് രണ്ടു വര്‍ഷമായിട്ടും പ്രശ്‌നം തീര്‍പ്പാക്കിയില്ല. 2022 നവംബറിലും 2023 മേയ് മാസത്തിലും നല്‍കിയ പരാതികളോടും ജൂണ്‍, നവംബര്‍ മാസങ്ങളില്‍ വിവരാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിനോടും പ്രിന്‍സിപ്പല്‍ പ്രതികരിച്ചില്ല. 2024 ജനുവരി 18 ന് കമ്മിഷന്‍ തിരുവനന്തപുരത്തേക്ക് ഹിയറിംഗിന് വിളിച്ചിട്ടും പ്രിന്‍സിപ്പല്‍ എത്തിയില്ല. കമ്മിഷന്‍ സമന്‍സയച്ച് 2024 മേയ് ഒമ്പതിന് വരുത്തിയപ്പോള്‍ നല്‍കിയ മൊഴിയും തൃപ്തികരമല്ലെന്ന് കമ്മിഷന്‍ ഉത്തരവില്‍ പറയുന്നു.

വിവരങ്ങള്‍ ബോധപൂര്‍വ്വം വൈകിപ്പിക്കുകയും വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ടിട്ടും മറുപടി നല്‍കുന്നതില്‍ ഗുരുതര വീഴ്ച വരുത്തുകയും ചെയ്തതും ശിക്ഷക്ക് കാരണമായി. ഈ മാസം 30 നകം പിഴ ഒടുക്കണം. ഇക്കാര്യം മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ ഉറപ്പു വരുത്തണം. ഇല്ലെങ്കില്‍ കലക്ടര്‍ മുഖേന ജപ്തി നടപടിയിലൂടെ തുക വസൂലാക്കുമെന്നും ഉത്തരവിലുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :