പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടും; ആറ് മാസത്തേക്ക് നീട്ടുന്നത് 70 ഓളം ലിസ്റ്റുകളുടെ കാലാവധി

വിദ്യാർത്ഥികൾക്ക് ആശ്വാസമേകി മന്ത്രിസഭാ തീരുമാനം; പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടും

aparna shaji| Last Updated: ബുധന്‍, 28 ഡിസം‌ബര്‍ 2016 (12:24 IST)
പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടും. ഇതുവരെ കാലാവധി നീട്ടാത്ത 70 ഓളം ലിസ്റ്റുകളുടെ
കാലാവധിയാണ് നീട്ടിയിരിക്കുന്നത്. ഇന്ന് ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം ഉണ്ടാ‌യത്. കെഎസ്ഇബി മസ്ദൂര്‍, സ്റ്റാഫ് നഴ്സ്, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി അധ്യാപകര്‍ തുടങ്ങിയ ലിസ്റ്റുകളും കലാവധി തീരുന്നവയില്‍ ഉള്‍പ്പെടുന്നു.

ആറ് മാസത്തേക്കാണ് കാലാവധി നീട്ടിയിരിക്കുന്നത്. 180ലേറെ റാങ്ക് പട്ടികകളു‌ടെ കാലാവധിയാണ് ഈ മാസം 31ന് അവസാനിക്കുന്നത്. ഇതിൽ എഴുപതോളം ലിസ്റ്റുകളുടെ കാലവധി നീട്ടി നൽകാനാണ് മന്ത്രിസഭയുടെ ശുപാർശ ഉണ്ടായിരിക്കുന്നത്. പി എസ് സി അടിയന്തിര യോഗം വെള്ളിയാഴ്ച ചേരും. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ യുവജനസംഘടനകളും വിവിധ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷനും സമരം ശക്തമായി വരികയാണ്.

പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുക, നിലവിലെ റാങ്ക് ലിസ്റ്റുകളില്‍ നിന്ന് ഉടന്‍ നിയമനം നടത്തുക, പിന്‍വാതില്‍ നിയമനം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങളായിരുന്നു സമരക്കാർ ഉന്നയിച്ചത്. ഡിസംബറിൽ കാലാവധി അവസാനിക്കുന്ന റാങ്ക് പട്ടികകളില്‍ ഉടന്‍ തീരുമാനമെടുത്തില്ലെങ്കില്‍ പതിനായിരകണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടമാകുമെന്ന് സമരക്കാർ വ്യക്തമാക്കിയിരുന്നു.

മന്ത്രിസഭായോഗത്തിൽ ഇന്നെടുത്ത പ്രധാന തീരുമാനങ്ങള്‍ എന്തെല്ലാമാണെന്ന് മുഖ്യമന്ത്രി പിണാറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.

പി എസ് സി അംഗങ്ങളുടെ നിലവിലുള്ള നാല് ഒഴിവുകളിലേക്ക് ചുവടെ പറയുന്നവരെ നിയമിക്കുന്നതിന് ഗവര്‍ണര്‍ക്കു ശുപാര്‍ശ നല്‍കി. സുരേഷന്‍ സി, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, പി ഡബ്ല്യൂ ഡി ബില്‍ഡിംഗ്സ് ഡിവിഷന്‍, കാസര്‍കോട്, ഡോ എം ആര്. ബൈജു, പ്രൊഫസര്‍, ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍, ഗവ: എഞ്ചിനീയറിംഗ് കോളേജ്, തിരുവനന്തപുരം, ഡോ ജിനു സക്കറിയ ഉമ്മന്‍, മനകുപ്പിയില്‍ ഹൗസ്, ഇടനാട് പി ഒ, ചെങ്ങന്നൂര്‍, അഡ്വ. രഘുനാഥന്‍ എം കെ, മാരാത്ത് ഹൗസ്, കോടന്നൂര്‍ പി.ഒ, തൃശൂര്‍ എന്നിവരാണ് അംഗങ്ങള്‍.

നിലവിലുള്ള പി എസ് സി റാങ്ക് ലിസ്റ്റുകളില്‍ നാളിതുവരെ കലാവധി നീട്ടി ലഭിക്കാത്തതും 31.03.2017 നകം കാലാവധി പൂര്‍ത്തിയാക്കുന്നതുമായ ലിസ്റ്റുകള്‍ 30.6.2017 വരെ നീട്ടാന്‍ തീരുമാനിച്ചു.
സെക്രട്ടേറിയേറ്റിലെ പൊതുഭരണ വകുപ്പ്, ധനകാര്യ വകുപ്പ് ഉള്‍പ്പടെ 30 വകുപ്പുകളില്‍ കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് നടപ്പാക്കാന്‍ തത്വത്തില്‍ തീരുമാനിച്ചു.

ആരോഗ്യ വകുപ്പിനു കീഴിലുള്ള വിവിധ ആശുപത്രികളില്‍ അസിസ്റ്റന്‍റ് ദന്തല്‍ സര്‍ജന്‍മാരുടെ 47 പുതിയ തസ്തികകള്‍ സൃഷ്ടിക്കും,. ആലപ്പുഴ ഗവണ്‍മെന്‍റ് ആയൂര്‍വേദ പഞ്ചകര്‍മ്മ ആശുപത്രിയില്‍ ഒരു മെഡിക്കല്‍ ഓഫീസര്‍ (പഞ്ചകര്‍മ്മ) തസ്തിക സൃഷ്ടിക്കും.

ഹയര്‍സെക്കന്‍ററി വിദ്യാഭ്യാസ വകുപ്പിലെ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്‍റ് കൗണ്‍സലിംഗ് സെല്ലില്‍ മൂന്ന് തസ്തികകള്‍ പുതുതായി സൃഷ്ടിക്കും. ഒരു ക്ലാര്‍ക്ക്, രണ്ടു സീനിയര്‍ ക്ലാര്‍ക്ക് എന്നിങ്ങനെയാണിത്.
പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള ചേലക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ എട്ട് പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിനും മൂന്ന് തസ്തികകള്‍ അപ്ഗ്രേഡ് ചെയ്യുന്നതിനും തീരുമാനിച്ചു. എച്ച്.എസ്.എ-5, ഗ്രാഡ്വേറ്റ് മലയാളം ടീച്ചര്‍-2, സ്പെഷ്യല്‍ ടീച്ചര്‍ (മ്യൂസിക്/ഡ്രോയിംഗ്)- 1 എന്നീ തസ്തികകളാണ് സൃഷ്ടിക്കുക.
ലൈറ്റ് മെട്രോ റെയില്‍ പ്രോജക്ടിന്‍റെ ഡിപ്പോ/യാര്‍ഡ് നിര്‍മ്മാണത്തിനായി കേരള റാപ്പിഡ് ട്രാന്‍സിറ്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിനു തിരുവനന്തപുരം താലൂക്കില്‍ പളളിപ്പുറം വില്ലേജില്‍ 19.54.716 ഏക്കര്‍ ഭൂമി സൗജന്യമായി പതിച്ച് നല്‍കും.

സംസ്ഥാന രൂപീകരണത്തിന്‍റെ അറുപതാം വാര്‍ഷികത്തോട് അനുബന്ധിച്ച് 1860 തടവുകാര്‍ക്ക് പ്രത്യേക ശിക്ഷാ ഇളവ് അനുവദിക്കുന്നതിനു ഗവര്‍ണ്ണറോട് ശുപാര്‍ശ ചെയ്യും. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഉപദേശക സമിതിയുടെ ശുപാര്‍ശ പ്രകാരം 8 ജീവപര്യന്തം തടവുകാര്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി അകാല വിടുതല്‍ നല്‍കുന്നതിന് ഗവര്‍ണറോടു ശുപാര്‍ശ ചെയ്യും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :