സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 28 നവംബര്‍ 2025 (16:27 IST)
തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഉപയോഗിക്കുന്ന പ്രകടനപത്രിക ഉള്‍പ്പെടെയുള്ള ലഘുലേഖകളുടെയും പോസ്റ്ററുകളുടെയും പുറത്ത് അത് അച്ചടിക്കുന്നയാളിന്റെയും പ്രസാധകന്റെയും പേരും മേല്‍വിലാസവും കോപ്പികളുടെ എണ്ണവും ഉണ്ടായിരിക്കണമെന്ന് ആലപ്പുഴ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ് അറിയിച്ചു.
തിരഞ്ഞെടുപ്പ് പ്രകടനപത്രിക ഉള്‍പ്പെടെ ലഘുലേഖകളും പോസ്റ്ററുകളും അച്ചടിക്കുന്നതും പ്രസിദ്ധപ്പെടുത്തുന്നതും സംബന്ധിച്ച് 1994 ലെ കേരള പഞ്ചായത്ത് രാജ് ആക്ടിലെ 124-ാം വകുപ്പിലെയും 1994 ലെ കേരള മുനിസിപ്പാലിറ്റി ആക്ടിലെ 148-ാം വകുപ്പിലെയും വ്യവസ്ഥകള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന രാഷ്ട്രീയകക്ഷികളും സ്ഥാനാര്‍ത്ഥികളും അച്ചടിശാലാ ഉടമസ്ഥരും പാലിക്കണം.
അച്ചടിക്കുന്നതിന് മുമ്പ് പ്രസാധകനെ തിരിച്ചറിയുന്നതിന് രണ്ടുപേര്‍ സാക്ഷ്യപ്പെടുത്തിയ നിശ്ചിത ഫോറത്തിലുള്ള പ്രഖ്യാപനം അച്ചടിക്കുന്നയാളിന് (പ്രസ്സുടമ) നല്‍കേണ്ടതും അച്ചടിച്ചശേഷം ഈ പ്രഖ്യാപനത്തോടൊപ്പം അച്ചടിരേഖയുടെ പകര്‍പ്പ് സഹിതം പ്രസ്സുടമ നിശ്ചിത ഫോറത്തില്‍ ജില്ലാതിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് അയച്ചുകൊടുക്കേണ്ടതുമാണ്.
ഈ വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷ ആറുമാസം വരെ തടവു ശിക്ഷയോ 2000 രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ആണ്. കൂടാതെ, തിരഞ്ഞെടുപ്പ് പരസ്യബോര്‍ഡുകള്‍, ബാനറുകള്‍ എന്നിവ സ്ഥാപിച്ചിട്ടുള്ളത് സംബന്ധിച്ച വിവരം ബന്ധപ്പെട്ടവര്‍ വരണാധികാരിയെ നിശ്ചിത ഫോറത്തില്‍ അറിയിക്കുകയും വേണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.