ആലപ്പുഴ|
jibin|
Last Modified ചൊവ്വ, 22 ജൂലൈ 2014 (17:28 IST)
വ്യാജ ഡോക്ടറേറ്റ് ഉപയോഗിച്ച് അദ്ധ്യാപകനായ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ പ്രിന്‍സിപ്പലിനെ പൊലീസ് അറസ്റ്റ് ചെയ്തു. നൂറനാട് ഉളവുക്കാട് അര്‍ച്ചന എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ കൊച്ചി കടവന്ത്ര ഗാന്ധി നഗറില്‍ സതിശ്രീ ഹൌസില്‍ സതീഷ് കുമാര്‍ സിതാര എന്ന 44 കാരനാണു പൊലീസ് പിടിയിലായത്.
കഴിഞ്ഞ ഒന്നര വര്‍ഷമായി ഇയാള്‍ അര്‍ച്ചന എഞ്ചിനീയറിംഗ് കോളേജിലെ പ്രിന്‍സിപ്പലായി ജോലി ചെയ്യുകയായിരുന്നു. ഡോക്ടര്‍ ബിരുദത്തില്‍ സംശയം തോന്നിയ കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഒരു മാസം മുഖ് മുഖ്യമന്ത്രിയുടെ പരാതി സെല്ലില്‍ വിവരം അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ വലയിലായത്.
കഴിഞ്ഞ ദിവസം പന്തളം കടക്കാട് കോളേജ് അധികൃതര്‍ ഇയാള്‍ക്ക് താമസിക്കാന്‍ നല്‍കിയ കൃഷ്ണകൃപ എന്ന വീട്ടില്‍ നിന്നാണ് ചെങ്ങന്നൂര്‍ ഡിവൈഎസ്പി പ്രസന്നന്‍ നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.
കോഴിക്കോട്ടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നുള്ള പിഎച്ച്ഡി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചായിരുന്നു ഇയാള്‍ ജോലി നേടിയത്. എന്നാല്‍ ഇയാള്‍ക്ക് ഇവിടെ നിന്ന് ഇത്തരമൊരു സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല എന്ന് അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞു. ഇയാളുടെ പല യൂണിവേഴ്സിറ്റികളില്‍ നിന്നുമുള്ള മറ്റു ബിരുദങ്ങളുടെ സര്‍ട്ടിഫിക്കറ്റുകളും അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയാണിപ്പോള്‍.
ഹിമാചല്‍പ്രദേശിലെ ശിവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്ന സ്ഥാപനത്തില്‍ മൂന്നു വര്‍ഷം മുമ്പ് ഇയാള്‍ പ്രിന്‍സിപ്പലായി ജോലി ചെയ്തിരുന്നപ്പോള്‍ ഇവിടെ നിന്ന് രണ്ടരക്കോടി രൂപ തട്ടിപ്പ് നടത്തിയതായി ഇയാള്‍ക്കെതിരെ കേസുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിവിധ തട്ടിപ്പുകളില്‍ ഇയാള്‍ പ്രതിയാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.