ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ്: 10 ലക്ഷം ഇടക്കാല നഷ്ടപരിഹാരം

ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ്: 10 ലക്ഷം ഇടക്കാല നഷ്ടപരിഹാരം

കൊച്ചി| aparna shaji| Last Modified വെള്ളി, 1 ഏപ്രില്‍ 2016 (15:00 IST)
തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ ഉദയകുമാര്‍ എന്നയാള്‍ ഉരുട്ടിക്കൊല ചെയ്യപ്പെട്ട കേസില്‍ 10 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരമായി നല്‍കാന്‍ ഹൈക്കോടതി വിധിച്ചു. ഉദയകുമാറിന്‍റെ മാതാവ് ഭവാനിയമ്മയ്ക്ക് സര്‍ക്കാറാണ് ഈ തുക നല്‍കേണ്ടത്.

2005 സെപ്തംബര്‍ 23 നായിരുന്നു പൊലീസിന്‍റെ മൃഗീയമായ പീഡനത്തില്‍ ഉദയകുമാര്‍ മരിച്ചത്. ഉദയകുമാറിനേയും മറ്റൊരു പ്രതിയായ മണി എന്ന സുരേഷ് കുമാറിനേയും മോഷണകുറ്റം ആരോപിച്ചായിരുന്നു ഫോര്‍ട്ട് പൊലീസ് പിടികൂടിയത്. ആ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ജിനുകുമാര്‍, ശ്രീകുമാര്‍, സോമന്‍ എന്നീ പൊലീസ് ഉദ്യോഗസ്ഥരാണ് ഉദയകുമാര്‍ കേസിലെ പ്രതികള്‍.

ഉദയകുമാറിന്‍റെ മാതാവ് കോടതിയില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് അന്വേഷണം സി ബി ഐ ക്ക് വിടുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിലെ രേഖകള്‍ തിരുത്തിയതു കണ്ടെത്തിയിരുന്നു. ഇതിനു സ്റ്റേഷനിലെ സാബു, അജിത് കുമാര്‍ എന്നീ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരേയും സി ബി ഐ കേസെടുത്തിരുന്നു.

എന്നാല്‍ സോമന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍, കേസ് സംബന്ധിച്ച് സമര്‍പ്പിച്ച കുറ്റപത്രം ഉള്‍പ്പെടെ നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ച് ഹര്‍ജി നല്‍കിയിരുന്നു. ഇതിലാണു സിംഗിള്‍ ബഞ്ചിന്‍റെ ഉത്തരവ്. കേസ് വൈകിപ്പിക്കുന്നതിനു വേണ്ടിയാണ് പ്രതികള്‍ പല തവണയും ഹൈക്കോടതി സമീപിച്ചതെന്ന് ഉദയകുമാറിന്‍റെ മാതാവ് കോടതിയില്‍ പറഞ്ഞിരുന്നു.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :