കേരള പൊലീസ് ആക്‌ടിൽ ചട്ടങ്ങൾ രൂപീകരിക്കാതെ സർക്കാർ; കരട് ചട്ടങ്ങള്‍ക്കു മൂന്നു വര്‍ഷമായി അംഗീകാരം നല്‍കിയിട്ടില്ല

കേരള പൊലീസ് ആക്‌ടിൽ ചട്ടങ്ങൾ രൂപീകരിക്കാതെ സർക്കാർ

തിരുവനന്തപുരം| Rijisha M.| Last Updated: ബുധന്‍, 16 മെയ് 2018 (15:56 IST)
പൊലീസ് അസോസിയേഷനുകളെ സഹായിക്കാൻ കേരള പൊലീസ് ആക്‌ടിൽ ചട്ടങ്ങൾ രൂപീകരിക്കാതെ സർക്കാർ. കേരള പൊലീസ് ആക്‌ട്(2011) നൂറ്റിയിരുപത്തൊമ്പതാം വകുപ്പ് പ്രകാരം രൂപീകരിച്ച കരട് ചട്ടങ്ങള്‍ക്കു മൂന്നു വര്‍ഷമായി സര്‍ക്കാർ അംഗീകാരം നല്‍കിയിട്ടില്ല. അസോസിയേഷനുകളുടെ പ്രവർത്തനം നിയന്ത്രിക്കാൻ കർശന വ്യവസ്ഥകളുള്ള കരട് ചട്ടം അംഗീകരിച്ചിരുന്നെങ്കിൽ അസോസിയേഷനുകളുടെ പേരിൽ ഇപ്പോൾ ഉണ്ടായ വിവാദം ഒഴിവാക്കാൻ സർക്കാരിന് കഴിയുമായിരുന്നു.

എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് കേരള പൊലീസ് ആക്‌ട് നിലവിൽ വന്നത്. എന്നാൽ ഈ അക്‌ടിന് ചട്ടങ്ങൾ രൂപീകരിച്ചിരുന്നില്ല. ചട്ടങ്ങൾ രൂപീകരിക്കാൻ സമിതി രൂപീകരിച്ചുവെങ്കിലും നടപടികൾ മുന്നോട്ടുപോയില്ല. കരട് ചട്ടം നിയമവകുപ്പിന്റെ പരിഗണനയിൽ ഉള്ളതാണ്.

പിന്നീട് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ മറ്റൊരു സമിതി നിയോഗിച്ചു. രണ്ട് മാസത്തിനകം നടപടികൾ പൂർത്തിയാക്കണമെന്നായിരുന്നു നിർദ്ദേശം. ഇതിനും നടപടികളൊന്നും ഇല്ലായിരുന്നു. പൊലീസ് അസോസിയഷനില്‍ രാഷ്ട്രീയ അതിപ്രസരമുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ നിയന്ത്രണം വേണമെന്നാവശ്യപ്പെട്ടു ഡിജിപി കത്തയച്ചത് അസോസിയേഷൻ തള്ളിയിരുന്നു. പിന്നീട് അതിൽ ചില മാറ്റങ്ങൾ മാത്രം വരുത്തുകയും ചെയ്‌തിരുന്നു. ചട്ടങ്ങള്‍ നിലവിൽ വന്നിരുന്നെങ്കിൽ സര്‍ക്കാരിനു സേനയിലെ അച്ചടക്കം നിലനിര്‍ത്താന്‍ കഴിയുമായിരുന്നെന്നു നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നതായി മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :