അടുത്ത അധ്യയന വര്‍ഷം എല്ലാ പഞ്ചായത്തുകളിലും പ്ലസ്ടു: മുഖ്യമന്ത്രി

തിരുവനന്തപുരം| Last Modified തിങ്കള്‍, 2 ജൂണ്‍ 2014 (15:52 IST)
സംസ്ഥാനത്തെ 148 പഞ്ചായത്തുകളില്‍ അടുത്ത അധ്യയനവര്‍ഷം പ്ലസ്ടു അനുവദിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്‌സ് സംഘടിപ്പിച്ച യൂത്ത് പാര്‍ലമെന്റിലെ അംഗങ്ങളായ കുട്ടികളോട് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ വര്‍ഷം പ്ലസ്ടു ഉള്ളിടത്ത് അധിക ബാച്ചുകള്‍ അനുവദിച്ച് പ്രശ്‌നം പരിഹരിക്കുമെന്നും കുട്ടികളുടെ ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. പ്ലസ്ടൂ പ്രവേശനത്തിനുള്ള ഏകജാലകസംവിധാനം കാലതാമസ മുണ്ടാക്കുന്നുവെന്ന ഒരു യൂത്ത് പാര്‍ലമെന്റംഗത്തിന്റെ അഭിപ്രായത്തോട് യോജിപ്പുപ്രകടിപ്പിച്ച മുഖ്യമന്ത്രി, പ്രവേശനം സുതാര്യതയാക്കുന്നുവെന്ന ഏകജാലകസംവിധാനത്തിന്റെ നേട്ടത്തെ എടുത്തുകാട്ടുകയും ചെയ്തു.

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍നിന്ന് യൂത്ത് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുത്ത 25 ഓളം കുട്ടികളാണ് മുഖ്യമന്ത്രിയുടെ മുന്നില്‍ ചോദ്യങ്ങളുമായെത്തിയത്. വര്‍ത്തമാനകാല സംസ്ഥാന-ദേശീയരാഷ്ട്രീയം, അന്തര്‍സംസ്ഥാന നദീജലപ്രശ്‌നം, മുല്ലപ്പെരിയാര്‍, മരുന്നുവില നിയന്ത്രണം, എസ്എസ്എല്‍സി. ഗ്രേഡിംഗ് സമ്പ്രദായം, പശ്ചിമഘട്ടസംരക്ഷണം, സ്ത്രീ സുരക്ഷ, കാംപസുകളിലെ സംഘടനാ പ്രവര്‍ത്തനം, ആറന്‍മുള വിമാനത്താവളം എന്നിവയ്ക്കുപുറമേ പ്രാദേശികമായ ആവശ്യങ്ങളും നിവേദനങ്ങളുമെല്ലാം മുഖ്യമന്ത്രിക്കുമുന്നില്‍ കുട്ടികളവതരിപ്പിച്ചു.

കായികമേളകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന മാള ഉപജില്ലയ്ക്ക് സ്വന്തമായി ഒരു സ്റ്റേഡിയം അനുവദിക്കണമെന്ന ആവശ്യമാണ് കുഴിക്കാട്ടുശ്ശേരി സെന്റ് മേരീസ് ജിഎച്ച്എച്ച്എസിലെ സിംസി പൗലോസ് ഉന്നയിച്ചത്. സ്ഥലം ലഭ്യമായാല്‍ സ്റ്റേഡിയം നിര്‍മ്മിക്കാനാവശ്യമായ പണം സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി സിംസിക്ക് ഉറപ്പുനല്‍കി. വെളിയന്നൂര്‍ പഞ്ചായത്തിലെ പൂവക്കുളത്ത് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ആവശ്യത്തിന്മേലും നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :