വയനാട്|
jibin|
Last Modified തിങ്കള്‍, 1 ജൂണ്‍ 2015 (11:51 IST)
വിദ്യാഭ്യാസ മേഖലയിലെ ചെറിയ പ്രശ്നങ്ങളെ പെരുപ്പിച്ച് കാണിക്കാന്‍ ശ്രമം നടക്കുന്നതായി വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ്. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. അതിനുവേണ്ടിയാണ് സിലബസിൽ പരിഷ്കരണം കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു. പുതിയ അദ്ധ്യയന വർഷത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച സ്കൂൾ പ്രവേശനോത്സവത്സത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വയനാട് കന്പളക്കാട് സ്കൂളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പാഠപുസ്തക വിതരണം സംബന്ധിച്ച വിവാദങ്ങളും ചിലരുടെ സൃഷ്ടിയാണ്, കഴിഞ്ഞ മൂന്നു വർഷവും കുട്ടികൾക്കുള്ള പാഠപുസ്തകങ്ങൾ കൃത്യസമയത്ത് തന്നെ വിതരണം ചെയ്തു. ഇത്തവണ സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് പുസ്തകങ്ങളുടെ വിതരണം ഒന്നോ രണ്ടോ ആഴ്ചകൾ വൈകിയിട്ടുണ്ട്. ഉടൻ തന്നെ പുസ്തകങ്ങൾ വിതരണം ചെയ്യുമെന്നും അബ്ദുറബ്ബ് പറഞ്ഞു. എസ്എസ്എൽസി പരീക്ഷാഫലത്തെ വിമർശിച്ചവരെ സി.ബി.എസ്.ഇ പരീക്ഷാഫലം വന്നപ്പോൾ കാണാനില്ലെന്നും അദ്ദേഹം പറഞ്ഞു.