'ഇപ്പോൾ വിവരം വെച്ചതുകൊണ്ട് ആര്‍എസ്‌എസിന്റെ കൂടെ പോയി': ഈ മാറ്റം മുഖ്യമന്ത്രി മുമ്പേ പറഞ്ഞതാണ്, സെൻകുമാറിന്റെ മാറ്റത്തെക്കുറിച്ച് പിണറായി വിജയന്‍ അന്ന് പറഞ്ഞത് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

'ഇപ്പോൾ വിവരം വെച്ചതുകൊണ്ട് ആര്‍എസ്‌എസിന്റെ കൂടെ പോയി': ഈ മാറ്റം മുഖ്യമന്ത്രി മുമ്പേ പറഞ്ഞതാണ്, സെൻകുമാറിന്റെ മാറ്റത്തെക്കുറിച്ച് പിണറായി വിജയന്‍ അന്ന് പറഞ്ഞത് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Rijisha M.| Last Modified ബുധന്‍, 26 ഡിസം‌ബര്‍ 2018 (11:02 IST)
ആർ എസ് എസിൽ ചേർന്നതിനെ ന്യായീകരിച്ച് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്ഥാവന വൻ ചർച്ച ആകുകയാണ്. ഇപ്പോള്‍ വിവരം വെച്ചത് കൊണ്ടാണ് ആര്‍എസ്‌എസിന്റെ കൂടെ പോയതെന്നായിരുന്നു സെന്‍കുമാര്‍ പറഞ്ഞത്. നിലവില്‍ ശബരിമല കര്‍മ്മസമിതി അംഗമാണ് സെന്‍കുമാർ‍.

ഈ സാഹചര്യത്തിൽ ഡിജിപി ആയിരിക്കെ സെൻകുമാർ സ്വീകരിച്ച നിലപാടുകളെ വിമര്‍ശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞ വാക്കുകള്‍ വീണ്ടും സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. സെൻകുമാർ ആർ എസ് എസ് ചായ്‌വ് കാണിക്കുകയാണെന്ന് അന്ന് ആരോപിച്ചിരുന്നു.

'സെന്‍കുമാര്‍ പഴയ പിടിയിലില്ല കേട്ടോ വിട്ടു പോയി. ഇപ്പോ ഇങ്ങോട്ടായി പിടുത്തം. അതോര്‍മ്മ വേണം. പഴയ നില തന്നെ സെന്‍കുമാര്‍ സ്വീകരിക്കുകയാണ് എന്ന ധാരണയില്‍ നില്‍ക്കരുത്. ആ നില മാറി. പുതിയ താവളം സെന്‍കുമാര്‍ നോക്കുകയാണ്. അത് മറക്കണ്ട. അതിന്റെ ഭാഗമായിട്ടുള്ള ആക്ഷേപങ്ങള്‍ ഉന്നയിക്കാന്‍ അദ്ദേഹം തയ്യാറായിട്ടുണ്ട്. ഈ സംസ്ഥാനത്തിലെ ഡി.ജി.പി സ്ഥാനത്തിരിക്കുന്ന ഒരാളാണ് എന്ന നില വെച്ചല്ല അദ്ദേഹം സംസാരിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. നിങ്ങളാരെങ്കിലും പറഞ്ഞാല്‍ അത് രാഷ്ട്രീയമായി പറയുന്നതാണെന്ന് കണക്കാക്കാം. അദ്ദേഹം ഒരു ഉദ്യോഗസ്ഥനാണ്. പക്ഷെ നിങ്ങളെക്കാളും കടുത്ത രാഷ്ട്രീയമാണ് അദ്ദേഹം പറയുന്നത്. അത് നിങ്ങള്‍ക്ക് വേണ്ടിയല്ല, നിങ്ങളുടെ കയ്യിലല്ല ഇപ്പോള്‍ അദ്ദേഹം. മറ്റയാളുകളുടെ കൈയിലായി, അതോര്‍മ്മ വേണം'. എന്നായിരുന്നു മുഖ്യമന്ത്രി നിയമസഭയില്‍ പ്രസംഗിച്ചത്.

ടി പി സെന്‍കുമാറിന് പോലും സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നു എന്നതിൽ പരാതി നല്‍കിയിട്ടും സര്‍ക്കാര്‍ പരിഗണിച്ചില്ലെന്നും ചൂണ്ടിക്കാണിച്ച്‌ നിയമസഭയില്‍ കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായിട്ടായിരുന്നു പിണറായി വിജയൻ അന്ന് ഇക്കാര്യങ്ങൾ പറഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :