തിരുവനന്തപുരം|
Rijisha M.|
Last Modified വ്യാഴം, 30 ഓഗസ്റ്റ് 2018 (11:54 IST)
ഈ നൂറ്റാണ്ട് കണ്ട എറ്റവും വലിയ കാലവര്‍ഷക്കെടുതിക്കാണ് കേരളം സാക്ഷ്യം വഹിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനത്തിന്റെ തീക്ഷണമായ ഇടപെടലുകളാണ് മരണസംഖ്യ താരതമ്യേന കുറയ്ക്കുന്ന സാഹചര്യം രൂപപ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ചട്ടം 130 അനുസരിച്ച് പ്രളയക്കെടുതി സംബന്ധിച്ച് സഭയില്‍ ഉപക്ഷേപം വതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രളയദുരന്തത്തിൽ കേരളത്തിലെ ലക്ഷക്കണക്കിന് ജനതയുടെ ജീവിതം അതീവ ദുരിതമായി മാറുകയും ചെയ്തു. ചോര നീരാക്കി സമ്പാദിച്ചതെല്ലാം നഷ്ടപ്പെടുന്ന സാഹചര്യം പലര്‍ക്കും അഭിമുഖീകരിക്കേണ്ടിവന്നു. പല ജില്ലകളിലും ഉരുൾപൊട്ടലും മണ്ണിടിച്ചിലും വെല്ലപ്പൊക്കവും ശക്തമായിരുന്നു. ഇതേത്തുടർന്നുതന്നെ സംസ്ഥാനത്ത് 483 പേരുടെ ജീവൻ പൊലിയുകയും ചെയ്‌തു.
കൂടാതെ, 14പേരെ കാണാതായിട്ടുണ്ട്.140 പേര്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടു. കാലവര്‍ഷം ശക്തമായ ആഗസ്റ്റ് 21 ന് 3,91,494 കുടുംബങ്ങളിലായി14,50,707 പേര്‍ വരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറി. ഇപ്പോൾ 16,767കുടുംബങ്ങളിലെ 59,296 ആളുകള്‍ 305 ക്യാമ്പുകളിലായിയുണ്ട്. ചിലരാവട്ടെ ബന്ധുവീടുകളിലും മറ്റും അഭയം പ്രാപിച്ചാണ് ദുരന്തത്തില്‍ നിന്ന് രക്ഷ നേടിയത്.
അതേസമയം, സ്വന്തം ജീവന്‍പോലും പണയപ്പെടുത്തിക്കൊണ്ടുള്ള രക്ഷാപ്രവര്‍ത്തനമായിരുന്നു നാട് ദര്‍ശിച്ചത്. രക്ഷാപ്രവര്‍ത്തകര്‍ ബോട്ട് മറിഞ്ഞും മറ്റും അപകടത്തിൽവരെ അകപ്പെട്ടു. എന്നിട്ടും രക്ഷാപ്രവര്‍ത്തനത്തില്‍ നിന്നും പിന്മാറാതെയും പതറാതെയും സ്വന്തം സഹോദരന്മാരെ എന്നപോലെ സാഹസികമായി പ്രവർത്തനങ്ങൾ നടത്തി. ഇത്തരത്തിലുള്ള പരിശ്രമങ്ങൾ തന്നെയാണ് മരണസംഖ്യ കുറയാൻ കാരണമായതും. പരിശ്രമങ്ങള്‍ നടത്തിയ എല്ലാവര്‍ക്കും നമുക്ക് ബിഗ് സല്യൂട്ട് നല്‍കാം എന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.